നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ സി.യു.ഇ.ടിയുമായി സമന്വയിപ്പിക്കാൻ യു.ജി.സി
text_fieldsന്യൂഡൽഹി: മെഡിക്കൽ, എൻജീനിയറിങ് പ്രവേശനത്തിനുള്ള പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി-യു.ജി) യുമായി സമന്വയിപ്പിക്കാനുള്ള നിർദേശം പരിഗണിക്കുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷൻ (യു.ജി.സി).
ജെ.ഇ.ഇ, നീറ്റ് എന്നിവക്ക് പുറമെ ഈ വർഷം മുതൽ നടപ്പിലായ സി.യു.ഇ.ടി-യു.ജി എന്നിവയാണ് രാജ്യത്ത് ഇപ്പോഴുള്ള മൂന്ന് പ്രധാന ബിരുദ പൊതു പ്രവേശന പരീക്ഷകൾ. 43 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ പരീക്ഷകൾ എഴുതുന്നത്. ഇതിൽ ഭൂരിഭാഗവും രണ്ട് പ്രവേശന പരീക്ഷകളെങ്കിലും എഴുതുന്നുണ്ട്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുണള്ളത്. നീറ്റ്-യു.ജിയിൽ കണക്കിനു പകരമായി ബയോളജിയും. ജെ.ഇ.ഇ, നീറ്റ് സിലബസിൽ ഉൾപ്പെട്ടവയടക്കം 61 വിഷയങ്ങൾ സി.യു.ഇ.ടിയുടെ ഭാഗമാണ്. വിദ്യാർഥികൾ ഒരേ വിഷയങ്ങളിലുള്ള അറിവ് അടിസ്ഥാനമാക്കിയാണ് ഈ പ്രവേശന പരീക്ഷകളെല്ലാം എഴുതുന്നത്. ഇത് നടപ്പിലായാൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി എന്നീ നാലു വിഷയങ്ങളിൽ മൂന്ന് പ്രവേശന പരീക്ഷകൾ എഴുതുന്നതിനുപകരം വിദ്യാർഥികൾക്ക് ഒരു പരീക്ഷ മാത്രമേ എഴുതേണ്ടിവരൂ. അതിനാൽ ജെ.ഇ.ഇ, നീറ്റ് എന്നിവയെ സി.യു.ഇ.ടി-യു.ജിയുമായി സമന്വയിപ്പിക്കാനുള്ള നിർദേശമാണ് ലഭിച്ചിരിക്കുന്നതെന്നും യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ പറഞ്ഞു.
കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ മാർക്ക് അടിസ്ഥാനമാക്കി എൻജിനീയറിങ്ങിന് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കാം. മെഡിസിനിൽ കണക്കിനുപകരം ബയോളജിയുടെ മാർക്ക് പരിഗണിക്കാം. മെഡിസിനോ എൻജിനീയറിങ് വിഭാഗമോ തെരഞ്ഞെടുക്കാത്തവർക്ക് സി.യു.ഇ.ടി പരീക്ഷയിൽ കണക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, തുടങ്ങിയ വിഷയങ്ങൾക്കു നേടിയ മാർക്ക് അടിസ്ഥാനമാക്കി വിവിധ കോഴ്സുകളിൽ ചേരാനുള്ള അവസരം ലഭിക്കും. അതിനാൽ, ഈ നാല് വിഷയങ്ങളിൽ ഒരു പരീക്ഷമാത്രം എഴുതുന്നതിലൂടെ, താൽപര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്കു മുമ്പിൽ ധാരാളം അവസരങ്ങളും ഉണ്ടാകും. വിദ്യാർഥികൾക്ക് ഒന്നിലധികം പരീക്ഷ എഴുതേണ്ട സമ്മർദം ഇല്ലാതാവുമെന്നും ജഗദീഷ് കുമാർ പറഞ്ഞു. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.