'ഉണർവ് 2022' എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രദർശന വിപണന മേളക്ക് തുടക്കം
text_fieldsകൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതികളിലെ സംരംഭകരുടെ പ്രദർശന വിപണനമേള 'ഉണർവ് 2022' ആരംഭിച്ചു. സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ച പ്രദർശന മേള കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു.
അഭ്യസ്തവിദ്യരായ നിരവധി ആളുകളാണ് നമ്മുടെ നാട്ടിൽ ജോലി ആഗ്രഹിച്ച് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നതെന്ന് ഡോ.രേണു രാജ് പറഞ്ഞു. ഒഴിവുകളുടെ പരിമിതി മൂലം രജിസ്‌റ്റർ ചെയ്യുന്ന എല്ലാവർക്കും ജോലി ഉറപ്പാക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആശ്വാസമാകുന്നതെന്ന് കലക്ടർ പറഞ്ഞു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടപ്പിലാക്കുന്ന ശരണ്യ, കൈവല്ല്യ, കെസ്റു, ജോബ് ക്ലബ്, നവജീവൻ എന്നീ സ്വയംതൊഴിൽ പദ്ധതികളിലെ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിൽ രാവിലെ 10 മുതൽ അഞ്ചുവരെയാണ് മേളയുടെ സമയം. ഡിസംബർ 24 ന് മേള അവസാനിക്കും.
സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ കെ. ബിന്ദു ആദ്യവില്പന നടത്തി. ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എ.എസ് അലാവുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വി.എസ് ബീന, ലീഡ് ഡിസ്ട്രിക്ട് മാനേജർ പി.ഡി മോഹൻകുമാർ, തൃക്കാക്കര വ്യവസായ വികസന ഓഫീസർ കെ.കെ ദീപ, എംപ്ലോയ്മെന്റ് ഓഫീസർമാരായ സി.പി ഐഷ, വി.ഐ കബീർ, ജി. സജയൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.