വിദൂര വിദ്യാഭ്യാസ കോഴ്സുകളിലെ അനിശ്ചിതാവസ്ഥ; സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രസർവകലാശാലകളിലേക്ക്
text_fieldsതൃശൂർ: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കെ സ്വകാര്യ കോളജുകളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇഗ്നോ, കേന്ദ്ര സർവകലാശാല ഓപൺ കോഴ്സുകളിലേക്ക് ചുവട് മാറുന്നു.
കോവിഡിനു മുമ്പ് 54,000 വിദ്യാർഥികളും 30 കോടി രൂപയിലേറെ വരുമാനവുമുണ്ടായിരുന്ന മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് ആശ്രയമേകിയിരുന്ന കാലിക്കറ്റ് സർവകലാശാല വിദൂര വിഭ്യാഭ്യാസ മേഖലയാണ് പ്രതിസന്ധി നേരിടുന്നത്.
ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ച കോഴ്സുകളിലേക്ക് മറ്റു സർവകലാശാലകൾ വിദ്യാർഥി പ്രവേശനം നടത്തരുതെന്ന സർക്കാർ നിബന്ധനയാണ് കാലിക്കറ്റിന് തിരിച്ചടിയായത്. കഴിഞ്ഞവർഷം 25 കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം നൽകിയെങ്കിലും ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിക്ക് അനുവദിച്ച ആറ് കോഴ്സുകൾ ഒഴിച്ച് 19 കോഴ്സുകൾ മാത്രമേ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയുള്ളൂ.
കാലിക്കറ്റിൽ രജിസ്റ്റർ ചെയ്തതാകട്ടെ 28,000ത്തോളം വിദ്യാർഥികൾ മാത്രം. ഇത്തവണ സമാന്തര സ്ഥാപനങ്ങളിൽ നടത്തിവന്ന കോഴ്സുകൾക്ക് ഉൾപ്പെടെ അംഗീകാരത്തിന് ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റി അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചാൽ സ്വകാര്യ കോളജുകൾക്കും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്സുകൾ നടത്താനാകുമോയെന്ന ആശങ്കയുണ്ട്.
പ്ലസ് ടു ഫലം വരുന്ന മേയ് 25നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇഗ് നോ പോലുള്ള കേന്ദ്ര യൂനിവേഴ്സിറ്റികളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുമെന്ന് പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. പ്രഭാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സർക്കാർ വിഭാവനം ചെയ്തപോലെ ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയിലേക്ക് വിദൂര വിദ്യാഭ്യാസം തേടി വന്ന വിദ്യാർഥികൾ പോയില്ലെന്ന് മാത്രമല്ല, ഏറെപ്പേരും ഇതര സംസ്ഥാന സർവകലാശാലകളിലേക്കാണ് ചേക്കേറിയത്. നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ റെഗുലർ വിദ്യാഭ്യാസത്തിനും സമാന്തര വിദ്യാഭ്യാസത്തിനും ഒരേ സർട്ടിഫിക്കറ്റാണ് നൽകുന്നത്.
ഇത് വിദേശത്ത് തൊഴിൽ നേടാനുൾപ്പെടെ സഹായകമായിരുന്നു. എന്നാൽ, ‘ഓപൺ യൂനിവേഴ്സിറ്റി’ എന്ന് എഴുതിയതിനാൽ ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കറ്റിന് ഡിമാൻഡ് കുറവാണ്. സ്വാശ്രയ കോളജുകൾക്കു വേണ്ടിയാണ് വിദൂര വിദ്യാഭ്യാസത്തെ ഇല്ലാതാക്കുന്നതെന്ന് ആരോപണവും ഉയർന്നിരുന്നു.
കാലിക്കറ്റ് പരിധിയിൽ ഏകദേശം 500 സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നടപടിയില്ലെങ്കിൽ മേഖലയെ ആശ്രയിക്കുന്ന അധ്യാപകരുടെ ഉപജീവനംകൂടി ഇല്ലാതായി വൻ തൊഴിൽനഷ്ടത്തിനാണ് ഇടവരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.