ആന്ധ്രയിൽ 'സ്വച്ഛ' പദ്ധതി വഴി സ്കൂളുകളിലൂടെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും
text_fieldsഹൈദാരാബാദ്: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി 'സ്വച്ഛ' പദ്ധതിയുമായി ആന്ധ്രപ്രദേശ് സർക്കാർ. പദ്ധതി മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
പദ്ധതിക്ക് കീഴിൽ സർക്കാർ, പൊതു വിദ്യാലയങ്ങൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ വിതരണം ചെയ്യും. എല്ലാ മാസവും ഇതുവഴി ഓരോ വിദ്യാർഥികൾക്കും 10 സാനിറ്ററി നാപ്കിൻ വീതം ലഭ്യമാകും. ഏഴു മുതൽ 12ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കും ഇന്‍റർമീഡിയേറ്റ് കോളജ് വിദ്യാർഥിനികൾക്കുമാണ് ഇവ ലഭിക്കുക. സംസ്ഥാനത്തെ 10ലക്ഷം പെൺകുട്ടികൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭ്യമാകുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഇതുകൂടാതെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സ്ത്രീകൾക്ക് വൈ.എസ്.ആർ ചെയുത സ്റ്റോറുകൾ വഴി മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സാനിറ്ററി പാഡുകൾ വിതരണം ചെയ്യും.
'പദ്ധതി കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി രണ്ടുമാസത്തിൽ ഒരു തവണ അധികൃതർ സ്കൂൾ സന്ദർശിക്കും. 10,388 സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ സംസ്ഥാന സർക്കാർ യുനിസെഫ്, വാഷ്, പി ആൻഡ് ജി എന്നിവയുമായി സഹകരിച്ച് ആർത്തവത്തെക്കുറിച്ചും ആരോഗ്യം ശുചിത്വം എന്നിവ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നൽകും' -ഒൗദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിൽ 23 ശതമാനം പെൺകുട്ടികൾ സാനിറ്ററി നാപ്കിനുകളുടെ അഭാവം, സ്കൂളുകൾ -കോളജുകൾ എന്നിവയുടെ വൃത്തിഹീനമായ അന്തരീക്ഷം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയവ ലഭ്യമല്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകൾ. ഇത് ഒഴിവാക്കുന്നതിന്‍റെ ആദ്യപടിയാണ് പദ്ധതിയെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.