ചില സെമസ്റ്റർ പരീക്ഷകൾ കോളജുകൾക്ക് കൈമാറും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിലെ ബിരുദ പരീക്ഷ നടത്തിപ്പിലും മൂല്യനിർണയത്തിലും മാറ്റം വരുന്നു. ചില സെമസ്റ്റർ പരീക്ഷ നടത്തിപ്പും മൂല്യനിർണയവും കോളജുകൾക്ക് കൈമാറും. സർവകലാശാല പരീക്ഷ പരിഷ്കരണ കമീഷൻ ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഈ മാസം സർക്കാറിന് കൈമാറും. കോഴ്സുകൾ തീർക്കാനും ഫലപ്രഖ്യാപനം നടത്താനും പ്രധാനതടസ്സം പരീക്ഷാഭാരമാണെന്ന വിലയിരുത്തലിലാണ് കമീഷൻ. ജോലിഭാരം കൂട്ടുന്നത് ബിരുദ പരീക്ഷ നടത്തിപ്പാണ്. നൂറുകണക്കിന് ബിരുദ കോഴ്സുകൾക്കായി ആയിരക്കണക്കിന് പരീക്ഷകളാണ് നടത്തുന്നത്. ഇത് അടിയന്തരമായി കുറക്കണം.
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ കോളജ്തലത്തിലും രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ സർവകലാശാലതലത്തിലും നടത്തണമെന്ന നിർദേശമാണ് കമീഷൻ പരിഗണിച്ചത്. എന്നാൽ, മൂന്നാം സെമസ്റ്റർ മുതൽ മെയിൻ വിഷയങ്ങളുടെ (കോർ വിഷയങ്ങൾ) പേപ്പറുകൾ കൂടുതൽ പഠിക്കാനുള്ളതിനാൽ ഈ നിർദേശം പി.ജി പ്രവേശനത്തിൽ പ്രതികൂലമായി ബാധിക്കും. തുടർന്ന് കോർ സബ്ജക്ടുകൾ കുറവുള്ള ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷ നടത്തിപ്പ് കോളജുകളെ ഏൽപിക്കുന്ന ശിപാർശയാണ് കമീഷൻ പരിഗണിക്കുന്നത്. പരീക്ഷ നടത്തിപ്പും മൂല്യനിർണയവും കോളജുകൾക്കായിരിക്കുമെങ്കിലും ചോദ്യപേപ്പർ സർവകലാശാലതലത്തിൽ തയാറാക്കണം.
ഇന്റേണൽ അസസ്മെന്റ് രീതിയിലും ഇന്റേണൽ, എക്സ്റ്റേണൽ മാർക്ക് അനുപാതത്തിലും മാറ്റത്തിന് ശിപാർശ ചെയ്യും. നിലവിൽ 75 ശതമാനം മാർക്ക് എക്സ്റ്റേണലിനും (തിയറി പരീക്ഷ), 25 ശതമാനം ഇന്റേണലിനും നൽകുന്ന രീതിയാണ്. ചില സർവകലാശാലകളിൽ ഇത് 80:20 ആണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റം വരണമെന്നാണ് അഭിപ്രായം. സർവകലാശാലകൾക്കിടയിൽ ഇതിന് ഏകീകൃത സ്വഭാവം ആവശ്യമാണ്. നിലവിൽ പരീക്ഷ, അസൈൻമെന്റുകൾ, സെമിനാറുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാർഥികളെ വിലയിരുത്തുന്നത്. ഇതിനു പുറമെയുള്ള മാനദണ്ഡങ്ങളും കമീഷൻ നിർദേശിച്ചേക്കും. വിദ്യാർഥികൾ, അധ്യാപകർ, സർവകലാശാലകൾ എന്നിവയുമായുള്ള കമീഷന്റെ കൂടിക്കാഴ്ച പൂർത്തിയായി.
എം.ജി സർവകലാശാല പ്രോ-വൈസ്ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ പരീക്ഷ പരിഷ്കരണ കമീഷനിൽ സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ.എ. പ്രവീൺ, കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ.സി.എൽ. ജോഷി, കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ് അനിൽ കുമാർ എന്നിവർ അംഗങ്ങളാണ്.
ഏകീകൃത സോഫ്റ്റ്വെയർ പരിഗണനയിൽ
തിരുവനന്തപുരം: സർവകലാശാലകളിലെ വിദ്യാർഥി പ്രവേശനം മുതൽ ബിരുദ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള പ്രവർത്തനങ്ങൾക്കായി ഏകീകൃത സോഫ്റ്റ്വെയർ പരിഗണനയിൽ. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ നിയോഗിച്ച മൂന്ന് കമീഷനുകൾ ഇതുസംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. വിശദ പദ്ധതി റിപ്പോർട്ട് സഹിതമാകും ഇത് സമർപ്പിക്കുക. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) മാതൃകയിൽ യൂനിവേഴ്സിറ്റി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആകും വികസിപ്പിക്കുക.
സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലയിൽ കോഴ്സിന് ചേരുന്നതു മുതൽ വിദ്യാർഥിയുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതാകും സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അപ്ലോഡ് ചെയ്താൽ ഭാവിയിൽ മറ്റ് കോഴ്സുകളുടെ പ്രവേശനത്തിന് ഇവ നേരിട്ട് പരിശോധിക്കുന്നത് ഒഴിവാക്കാം. മാർക്ക് വിവരങ്ങൾ, പൂർത്തിയാക്കിയ ക്രെഡിറ്റുകൾ തുടങ്ങിയ വിവരങ്ങൾ ഈ സംവിധാനത്തിനു കീഴിൽ കൊണ്ടുവരും. മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ തുടങ്ങിയവയെല്ലാം ഇ.ആർ.പി സംവിധാനത്തിനു കീഴിലാക്കാം. മാർക്ക് ലിസ്റ്റ്, ബിരുദ സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം വിദ്യാർഥികൾക്കു തന്നെ നേരിട്ട് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.