പരീക്ഷകൾക്ക് ഏകീകൃത സ്വഭാവം: കേന്ദ്ര നീക്കം പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കും -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പരഖ് (പെർഫോമൻസ് അസസ്മെന്റ് ആൻഡ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷകൾക്ക് ഏകീകൃത സ്വഭാവം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തെന്നാണ് വാർത്ത. ഇതിന്റെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപവത്കരിച്ച പുതിയ നിലവാര നിർണയ ഏജൻസിയായ ‘പരഖ്’ ഈ ദിശയിലുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന അക്കാദമിക കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ എന്നാണ് മനസ്സിലാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന കേന്ദ്രീകരണം, പ്രത്യേകിച്ച് അക്കാദമിക കേന്ദ്രീകരണം വിദ്യാഭ്യാസപരമായി നീതീകരിക്കാൻ കഴിയില്ല എന്നും ഇതെല്ലാം വിദ്യാഭ്യാസേതര ലക്ഷ്യങ്ങൾ കണ്ടുകൊണ്ടാണെന്നും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ തന്നെ അപകടപ്പെടുത്തുന്ന കേന്ദ്രീകരണ നിർദേശങ്ങൾ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസം എന്നത് മാനവരാശി ആർജിച്ച അറിവിനെ കുട്ടിയുടെ ജീവിത പരിസ്ഥിതിയുമായി ബന്ധിപ്പിക്കലാണ്. കുട്ടി അതത് പ്രായഘട്ടത്തിന്റെ സവിശേഷതകൾക്ക് അനുസരിച്ചാണ് അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കുന്നത്. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളും ഇതനുസരിച്ചാണ് വികസിച്ചിട്ടുള്ളത്. വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്ത് ഒരേ തലത്തിലുള്ള ഉപാധി വിനിയോഗിച്ച് കുട്ടികളെ കേന്ദ്രീകരിച്ച് വിലയിരുത്തുക എന്നത് അശാസ്ത്രീയവും വിദ്യാഭ്യാസ വിരുദ്ധവുമാണ്. ഒരു വലിയ സംഘം കുട്ടികളെ പൊതുധാരയിൽനിന്ന് കൊഴിച്ചു കളയാനേ ഇത് ഇടവരുത്തൂ.
അതത് ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർക്കാണ് നിരന്തര വിലയിരുത്തലിലൂടെ കുട്ടിയുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിയാൻ കഴിയുക. വിലയിരുത്തലിലൂടെ കുട്ടികളുടെ ശക്തിയെ തിരിച്ചറിഞ്ഞ് അവ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാനും പരിമിതികൾ തിരിച്ചറിഞ്ഞ് അവയെ മറികടക്കാനുമുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പ്രക്രിയയായി മാറുകയാണ് വേണ്ടത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമായി മാറണം. അതിനുള്ള സവിശേഷ പരിശ്രമമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം മിഷനിലൂടെയും വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.
പരീക്ഷ രീതികൾ ദേശീയതലത്തിൽ ഏകീകരിക്കുക എന്നത് വിദ്യാഭ്യാസ രംഗത്ത് ദീർഘകാല തിരിച്ചടികൾക്ക് ഇടനൽകും. അതിനാൽ സംസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി ഫെഡറൽ തത്വങ്ങളെ പാലിച്ച് വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ ആധുനിക പുരോഗമന വിദ്യാഭ്യാസധാര മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്ക് അനുസൃതമായ നടപടികൾ ദേശീയതലത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.