സർവം കാലി ശാലകൾ
text_fieldsകേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മുമ്പെങ്ങുമില്ലാത്ത അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 15 സ്റ്റേറ്റ് സർവകലാശാലകളിലായി അവശേഷിക്കുന്ന ഏക സ്ഥിരം വൈസ് ചാൻസലറും ഒക്ടോബർ 29ന് പടിയിറങ്ങുകയാണ്. ഇതോടെ 15 സർവകലാശാലകളിലും ഇൻചാർജ് വൈസ് ചാൻസലർമാരുടെ ഭരണമായിരിക്കും. 15ൽ 14 സർവകലാശാലകളിലും സർക്കാറും ചാൻസലറായ ഗവർണറും തമ്മിലുള്ള തർക്കമാണ് വി.സി നിയമനം പ്രതിസന്ധിയിലാക്കിയത്. നിലവിൽ 13 സർവകലാശാലകളിലും ഇൻചാർജ് വി.സിമാരാണുള്ളത്. പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണവും നിർവഹണവും ആവശ്യമുള്ള സർവകലാശാലകൾക്ക് നേതൃത്വം നൽകേണ്ട ചുമതല വി.സിമാർക്കാണ്. പ്രവർത്തനങ്ങൾക്ക് പരിമിതിയുള്ള താൽക്കാലിക വി.സിമാരുടെ കീഴിൽ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും മഹാ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്
വി.സിമാരില്ലാതാകുന്ന സർവകലാശാലകൾ
ഒക്ടോബർ 29ന് കേരള ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കാലാവധി പൂർത്തിയാക്കി പടിയിറങ്ങും. അദ്ദേഹം തന്നെയാണ് രണ്ട് വർഷമായി കേരള സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതലയും വഹിക്കുന്നത്. ഒക്ടോബർ 16ന് കേരള ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന്റെ കാലാവധിയും പൂർത്തിയാകും. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സിയുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്. ഫലത്തിൽ ഒക്ടോബറിൽ രണ്ട് വി.സിമാർ കാലാവധി പൂർത്തിയാക്കുമ്പോൾ നാല് സർവകലാശാലകൾക്കാണ് വി.സിമാർ ഇല്ലാതാകുന്നത്. ഇന്നുവരെയുണ്ടാകാത്ത സാഹചര്യമാണിത്.
സീനിയർ പ്രഫസർമാർ
സ്ഥിരം വി.സിമാർ ഇല്ലാതാകുന്നതോടെ സർവകലാശാലകളിലെ സീനിയർ പ്രഫസർമാരിൽ ഒരാൾക്ക് ചാൻസലറായ ഗവർണർ വി.സിയുടെ ചുമതല നൽകിവരുകയാണ്. പത്ത് സർവകലാശാലകളിൽ ഗവർണർ നിയമിച്ച പ്രഫസർമാരാണ് വി.സിയുടെ താൽക്കാലിക ചുമതല വഹിക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ചാൻസലർ പദവി വഹിക്കുന്ന നിയമസർവകലാശാലയിൽ റിട്ട. ഹൈകോടതി ജഡ്ജി സിരി ജഗനാണ് വി.സിയുടെ താൽക്കാലിക ചുമതല. 15ൽ 14 സർവകലാശാലകളിലും സർക്കാറും ചാൻസലറും തമ്മിലുള്ള തർക്കമാണ് വി.സി നിയമനം പ്രതിസന്ധിയിലാക്കിയത്.
‘സ്വന്തം’ സർവകലാശാലകൾ
സ്വയംഭരണാവകാശത്തോടെ സ്ഥാപിക്കപ്പെടുന്ന സർവകലാശാലകൾ കേരളത്തിൽ രണ്ടര പതിറ്റാണ്ടോളമായി സർക്കാർ ഡിപ്പാർട്ടുമെന്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ഇഷ്ടക്കാരെ വി.സിമാരായി നിയമിച്ചാണ് സർക്കാറുകൾ സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കുന്ന രീതിയിലേക്ക് എത്തിച്ചത്. സർക്കാർ താൽപര്യങ്ങൾ സർവകലാശാലകളുടെ ഭരണ, അക്കാദമിക മേഖലകളിൽ ഒരുപോലെ അടിച്ചേൽപിക്കുന്നതാണ് രണ്ട് പതിറ്റാണ്ടിലധികമായി കണ്ടുവരുന്നത്. മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും ബന്ധുക്കൾക്ക് മെറിറ്റ് അട്ടിമറിച്ച് സർവകലാശാലകളിൽ നിയമനം നൽകുന്നതിൽ വരെ ഈ ഇടപെടൽ എത്തിനിൽക്കുന്നു.
സംഘ്പരിവാർ കുതന്ത്രങ്ങൾ
അക്കാദമിക താൽപര്യം മുൻനിർത്തി പ്രവർത്തിക്കേണ്ട വി.സിമാർ പാർട്ടികളുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കുന്ന സാഹചര്യത്തിൽതന്നെയാണ്, കേരളത്തിലെ സർവകലാശാലകളെ ലക്ഷ്യമിട്ട് രാജ്ഭവൻ വഴി സംഘ്പരിവാർ നീക്കങ്ങൾ തുടങ്ങുന്നത്. വി.സി നിയമനത്തിൽ ഉൾപ്പെടെ സംഘ്പരിവാർ താൽപര്യങ്ങൾ നടപ്പാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നിട്ടിറങ്ങിയത് സർക്കാറുമായുള്ള പരസ്യ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ എത്തിച്ചത്. ഇതാണ് ഒടുവിൽ സർവകലാശാലകളിലൊന്നിലും വി.സിമാരില്ലാത്ത സാഹചര്യത്തിൽ കൊണ്ടുചെന്നെത്തിച്ചത്.
ആരാണ് വൈസ് ചാൻസലർ
സർവകലാശാല നിയമപ്രകാരം സർവകലാശാലയുടെ മുഖ്യ അക്കാദമിക്, എക്സിക്യൂട്ടിവ് ഒാഫിസറാണ് വൈസ് ചാൻസലർ. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങൾ തീർപ്പുകൽപിക്കാൻ അധികാരമുള്ള ഏറ്റവും ഉയർന്ന പദവിയാണിത്. സർവകലാശാലകളിലെ ഭരണ, അക്കാദമിക സമിതികളുടെയെല്ലാം അധ്യക്ഷനും വൈസ് ചാൻസലറാണ്. അടിയന്തര ഘട്ടങ്ങളിൽ ഈ സമിതികളുടെയെല്ലാം അധികാരം ഉപയോഗിക്കാനും വൈസ് ചാസലർക്കാകും. സർവകലാശാല ഭരണ, അക്കാദമിക സംവിധാനങ്ങൾ പൂർണ അർഥത്തിൽ കൈയാളുന്ന വി.സിമാർ തങ്ങളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്നവരായിരിക്കണമെന്നതാണ് സർക്കാറിനുള്ള വി.സി നിയമനത്തിലെ താൽപര്യം. വി.സിമാർ വഴി സർവകലാശാലകളിൽ സർക്കാർ താൽപര്യം അടിച്ചേൽപിക്കുന്നതാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി കേരളം കണ്ടുവരുന്നത്. അങ്ങനെയാണ് മന്ത്രി/പാർട്ടി ബന്ധുക്കൾ മെറിറ്റ് മറികടന്ന് സർവകലാശാലകളിൽ ഉയർന്ന തസ്തികകളിൽ നിയമനം നേടുന്നത്. താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതോടെ വി.സിയായി നിയമിക്കപ്പെടുന്നവരുടെ ഭരണ, അക്കാദമിക മികവ് പരിഗണനാ വിഷയമല്ലാതായി മാറുന്നു. ഒേട്ടറെ മഹാരഥന്മാർ കേരളത്തിലെ സർവകലാശാലകളുടെ വി.സി പദവി അലങ്കരിച്ചിട്ടുണ്ട്.
വൈസ് ചാൻസലർ ഇല്ലാതാകുമ്പോൾ
േകരളത്തിലെ സർവകലാശാലകളിൽ വി.സിമാർ ഇല്ലാത്ത സർവകലാശാലകളിലെല്ലാം താൽക്കാലിക വി.സിമാരെ നിയമിച്ചിട്ടുണ്ട്. സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതാകുന്നതോടെ സർവകലാശാലകൾ അക്കാദമിക് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സർവകലാശാലകൾ അടിസ്ഥാനപരമായി പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളാണ്. അവയുടെ ഗുണഫലം സമൂഹത്തിനൊന്നടങ്കം ലഭിക്കേണ്ടതുമാണ്. അതുകൊണ്ട് സർവകലാശാലകളുടെ പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണവും നിർവഹണവും ആവശ്യമാണ്. ഇതിന് നേതൃത്വം നൽകേണ്ട ചുമതല വി.സിമാർക്കാണ്. ഭരണ, അക്കാദമിക ബിരുദങ്ങൾക്കെല്ലാം ഉപരി ഇൗ രംഗത്ത് ഭാവനാപൂർണമായ ദീർഘദർശനവും ഉൾക്കാഴ്ചയുമുള്ള ‘വിഷനറി’കളായിരിക്കണം വൈസ് ചാൻസലർമാർ. കുറഞ്ഞകാലത്തേക്ക് താൽക്കാലിക വി.സിമാരായി നിയമിക്കപ്പെടുന്നവർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പരിമിതികളുണ്ടായിരിക്കും. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കപ്പുറം ചെന്ന് പ്രവർത്തിക്കാൻ ഇവർക്ക് കഴിയാത്ത സാഹചര്യവുമുണ്ടാകും. സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ കോഴ്സുകൾ മൂന്ന് വർഷ രീതിയിൽനിന്ന് നാല് വർഷത്തിലേക്ക് മാറുന്ന ഘട്ടത്തിലാണ് 15 സർവകലാശാലകളിൽ വി.സിമാരില്ലാതാകുന്നത്. സങ്കീർണമായ അക്കാദമിക പ്രശ്നങ്ങളാണ് ഇൗ ഘട്ടത്തിൽ കടന്നുവരാനിരിക്കുന്നത്. കേരളത്തിലെ വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് കുടിയേറുന്ന ഘട്ടം കൂടിയാണിത്. ഇതിനെല്ലാം പരിഹാരം കാണാൻ സർവകലാശാലകളുടെ തലപ്പത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ദീർഘവീക്ഷണമുള്ള സ്ഥിരം വൈസ് ചാൻസലർമാർ ആവശ്യമാണ്.
വി.സി വാഴാതെ വാഴ്സിറ്റികൾ
- കേരള സർവകലാശാല - വൈസ് ചാൻസലറായിരുന്ന ഡോ. വി.പി. മഹാദേവൻപിള്ള 2022 ഒക്ടോബർ 24ന് പടിയിറങ്ങിയതോടെ സ്ഥിരം വി.സിയില്ല
- കണ്ണൂർ സർവകലാശാല - വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീംകോടതി 2023 നവംബർ 30ന് റദ്ദാക്കിയതോടെയാണ് കണ്ണൂരിൽ വി.സി പദവി ഒഴിവുവന്നത്.
- കാലിക്കറ്റ് സർവകലാശാല - വൈസ് ചാൻസലറായിരുന്ന ഡോ. എം.കെ. ജയരാജിന്റെ കാലാവധി 2024 ജൂലൈ 11ന് പൂർത്തിയായതോടെ വി.സി പദവിയിൽ ഒഴിവുവന്നു.
- തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല - വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന്റെ കാലാവധി 2023 ഫെബ്രുവരി 28ന് പൂർത്തിയായത് മുതൽ വി.സി പദവിയിൽ ഒഴിവ്
- കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല - വൈസ് ചാൻസലർ ഡോ. എം.വി. നാരായണന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കണ്ട് ഗവർണർ 2024 മാർച്ച് ഏഴിന് അദ്ദേഹത്തെ പുറത്താക്കി യത് മുതൽ ഒഴിവ്.
- കേരള കാർഷിക സർവകലാശാല - വൈസ് ചാൻസലറായിരുന്ന ഡോ. ആർ. ചന്ദ്രബാബുവിന്റെ കാലാവധി 2022 ഒക്ടോബർ ഏഴിന് അവസാനിച്ചതു മുതൽ വി.സി പദവി ഒഴിഞ്ഞുകിടക്കുന്നു.
- കേരള വെറ്ററിനറി സർവകലാശാല - പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണത്തെതുടർന്ന്, വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ചാൻസലറായ ഗവർണർ 2024 മാർച്ച് രണ്ടിന് സസ്പെൻഡ് ചെയ്തത് മുതൽ സ്ഥിരം വി.സി പദവിയിൽ ആളില്ല.
- കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാല (കുസാറ്റ്) - വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂധനന്റെ കാലാവധി 2023 ഏപ്രിൽ 24ന് അവസാനിച്ചത് മുതൽ പദവിയിൽ സ്ഥിരം വി.സിയില്ല.
- എം.ജി സർവകലാശാല - വൈസ് ചാൻസലറായിരുന്ന ഡോ. സാബു തോമസ് 2023 മേയ് 27ന് വിരമിച്ചത് മുതൽ സ്ഥിരം വി.സി പദവിയിൽ ഒഴിവ്.
- കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) - നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് കാണിച്ച് വൈസ് ചാൻസലർ ഡോ. റിജി ജോണിന്റെ നിയമനം 2022 നവംബർ 14ന് ഹൈകോടതി റദ്ദാക്കിയത് മുതൽ സ്ഥിരം വി.സിയില്ല.
- എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) - വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടങ്ങൾക്കനുസൃതമല്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി 2022 ഒക്ടോബർ 21ന് റദ്ദാക്കിയത് മുതൽ സ്ഥിരം വി.സിയില്ല.
- നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) - വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണിയുടെ കാലാവധി 2023 ജനുവരിയിൽ പൂർത്തിയായതോടെ സ്ഥിരം വി.സിയില്ല.
- ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല - വൈസ് ചാൻസലർ ഡോ. പി.എം മുബാറക് പാഷ രാജിവെച്ചതോടെ 2024 മാർച്ച് 21 മുതൽ സ്ഥിരം വി.സിയില്ല.
- കേരള ഡിജിറ്റൽ സർവകലാശാല - വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് 2024 ഒക്ടോബർ 24ന് കാലാവധി പൂർത്തിയാക്കുന്നതോടെ സ്ഥിരം വി.സി ഇല്ലാതാകും.
- കേരള ആരോഗ്യ സർവകലാശാല - വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ കാലാവധി 2024 ഒക്ടോബർ 29ന് പൂർത്തിയാകുമ്പോൾ വി.സി പദവിയിൽ ഒഴിവുവരും.
ഗവർണർ-സർക്കാർഏറ്റുമുട്ടലിന്റെ നാൾവഴികൾ
- രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് കേരള സർവകലാശാലയുടെ ഓണററി ഡി.ലിറ്റ് ബഹുമതി നൽകണമെന്ന ഗവർണറുടെ താൽപര്യം സർക്കാറും സിൻഡിക്കേറ്റും നിരസിച്ചു.
- കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് കൂടി പുനർനിയമനം നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് സമീപിച്ചതായി ഗവർണറുടെ വെളിപ്പെടുത്തൽ. എങ്കിലും സർക്കാർ താൽപര്യം ഗവർണർ അംഗീകരിച്ചു.
- കാലടി സംസ്കൃത സർവകലാശാലയിൽ വി.സി നിയമനത്തിനായി സെർച് കമ്മിറ്റി മൂന്നംഗ പാനലിന് പകരം ഡോ.എം.വി. നാരായണന്റെ മാത്രം പേരു നൽകിയതിൽ ഗവർണർ ഇടഞ്ഞു. കണ്ണൂർ, കാലടി വി.സി പദവികൾ ലക്ഷ്യമിട്ട് സംഘ്പരിവാർ രാജ്ഭവൻ മറയാക്കി നീക്കം തുടങ്ങിയിരുന്നു.
- കണ്ണൂർ, കാലടി സർവകലാശാല വിഷയങ്ങളിൽ പ്രതിഷേധിച്ച് ഗവർണർ, ചാൻസലർ പദവിയിൽ തുടരാൻ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രി തന്നെ പദവി ഏറ്റെടുക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തെഴുതി. സർക്കാറിനെതിരെ ഗവർണറും മറുപടിയായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും.
- സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടം പാലിച്ചില്ലെന്നുപറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയപ്പോൾ, സമാന പ്രശ്നമുള്ള ഒമ്പത് വി.സിമാർക്ക് ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയത് പ്രശ്നം രൂക്ഷമാക്കി. വി.സിമാർ കോടതിയെ സമീപിച്ചാണ് നോട്ടീസിനെ ചെറുത്തത്.
ഗവർണറെ നേരിടാൻ 2 ബില്ലുകൾ
വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ ഗവർണർക്കുള്ള മേൽക്കൈ ഇല്ലാതാക്കി, സർക്കാറിന് ഭൂരിപക്ഷമുള്ള ഘടന വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഒരു ബിൽ. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യാനും പകരം വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു മറ്റൊരു ബിൽ. ഇതു രണ്ടും നിയമസഭ കടന്നെങ്കിലും ഗവർണർ ഒപ്പിടാതെ തടഞ്ഞിട്ടു. ഒടുവിൽ സർക്കാർ സുപ്രീംകോടതിയിലെത്തിയതോടെ സർവകലാശാലകളുമായി ബന്ധപ്പെട്ട നാല് ബില്ലുകൾ രാഷ്ട്രപതിക്ക് റഫർ ചെയ്തു. ഇൗ ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുകൊണ്ട് മടക്കുകയും ചെയ്തു. ഗവർണറുടെ നടപടി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ചാൻസലർ സ്ഥാനത്ത് ഗവർണറെ നീക്കം ചെയ്യാനുള്ള സർക്കാർ നീക്കം ഇതോടെ ലക്ഷ്യം കാണാതെപോയി.
സെർച് കമ്മിറ്റി രൂപവത്കരണത്തിലെ തർക്കം
വി.സി നിയമനത്തിനുള്ള സുപ്രധാന ഘട്ടമായ സെർച് കമ്മിറ്റി രൂപവത്കരണം തന്നെ നിയമക്കുരുക്കിൽ. സെർച് കമ്മിറ്റി ആര് രൂപവത്കരിക്കണമെന്നതുംഘടന എന്തായിരിക്കണമെന്നതും സർക്കാറിനും ഗവർണർക്കുമിടയിൽ പ്രധാന തർക്കവിഷയമായി മാറി
- യു.ജി.സി െറഗുലേഷൻ പ്രകാരം സെർച് കമ്മിറ്റി ആര് രൂപവത്കരിക്കണമെന്നതിൽ വ്യക്തതയില്ലെന്നും അതിനാൽ സ്റ്റേറ്റിന്റെ എക്സിക്യൂട്ടിവ് അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന് നടപടിയെടുക്കാമെന്നുമാണ് സർക്കാർ വാദം. എന്നാൽ, വി.സിയുടെ നിയമനാധികാരിയായ ചാൻസലർ തന്നെയാണ് സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടതെന്ന് ഗവർണർ വാദിക്കുന്നു.
- ഗവർണർ എട്ട് സർവകലാശാലകളുടെ വി.സി നിയമനത്തിനായി സെർച് കമ്മിറ്റികൾ രൂപവത്കരിച്ചെങ്കിലും ഇതിനെതിരെ സർക്കാറും സർവകലാശാല ഭരണസമിതി അംഗങ്ങളും കോടതിയെ സമീപിച്ച് നടപടി താൽക്കാലികമായി തടഞ്ഞിട്ടു.
- ഗവർണർ രൂപവത്കരിച്ച സെർച് കമ്മിറ്റിക്ക് സമാന്തരമായി സാേങ്കതിക സർവകലാശാല, വെറ്ററിനറി സർവകലാശാല എന്നിവിടങ്ങളിൽ സർക്കാറും സെർച് കമ്മിറ്റി രൂപവത്കരിച്ചു.
സെർച് കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽനിന്ന്, ചാൻസലറായ ഗവർണർ വൈസ് ചാൻസലറെ നിയമിക്കണമെന്നാണ് നിയമം. പാനലിൽ നിന്ന് ഇഷ്ടമുള്ളയാളെ ഗവർണർക്ക് നിയമിക്കാമെന്നതിലാണ് രാജ്ഭവനെ മറയാക്കിയുള്ള സംഘ്പരിവാർ താൽപര്യം കുടികൊള്ളുന്നത്. സെർച് കമ്മിറ്റിയിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് യു.ജി.സി െറഗുലേഷൻ വ്യവസ്ഥ ചെയ്യുന്ന പ്രതിനിധി യു.ജി.സി ചെയർമാന്റേതാണ്. യു.ജി.സി ചെയർമാന്റെ പ്രതിനിധിയായി സെർച് കമ്മിറ്റിയിൽ വരുന്നയാളെ ഉപയോഗിച്ച് പാനലിൽ നോമിനിയെ ഉൾപ്പെടുത്തി ഗവർണറുടെ മുന്നിൽ എത്തിക്കാനും അതുവഴി വി.സി നിയമനം വരുതിയിലാക്കാനുമാണ് സംഘ്പരിവാർ പദ്ധതി.
‘കേരള’യിലെ കലങ്ങിയ സെനറ്റ് യോഗങ്ങൾ
സെർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സർവകലാശാലകളുടെ സെനറ്റ്/ ജനറൽ കൗൺസിലുകളുടെ പ്രത്യേക യോഗം ചേരണമെന്നാണ് ചട്ടം
- സംസ്ഥാനത്ത് ആദ്യം ഒഴിവുവന്ന കേരള സർവകലാശാല വി.സി നിയമനത്തിനായി സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ പ്രത്യേക സെനറ്റ് യോഗം ചേർന്നത് രണ്ടുതവണ. ആദ്യയോഗത്തിൽ ഇടതുഅംഗങ്ങൾ വിട്ടുനിന്ന് ക്വാറം ഇല്ലാതാക്കി. വിട്ടുനിന്നതിെൻറ പേരിൽ സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവരെ പുറത്താക്കിയാണ് രാജ്ഭവൻ ഈ നീക്കത്തിന് തിരിച്ചടി നൽകിയത്. ഈ അംഗങ്ങൾ പിന്നീട് ഹൈകോടതിയെ സമീപിച്ച് പുറത്താക്കൽ നടപടിക്കെതിരെ വിധി സമ്പാദിച്ചു.
രണ്ട് ബില്ലുകളും ലക്ഷ്യം കാണാതെ പോയതോടെ കാലാവധി പൂർത്തിയാക്കി ഗവർണർ മടങ്ങുന്നതുവരെ തൽക്കാലം വി.സി നിയമനം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ അഞ്ച് വർഷം പൂർത്തിയായിട്ടും പകരം ഗവർണറെ നിയമിക്കാത്തതിനാൽ ആരിഫ് മുഹമ്മദ് ഖാൻ പദവിയിൽ തുടരുന്നതും സർക്കാർ നീക്കത്തിന് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.