കാലിക്കറ്റ് സര്‍വകലാശാല: ഒറ്റത്തവണ പരീക്ഷക്ക് ബദല്‍ സംവിധാനത്തിന് ആലോചന
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ ഭവന് മുന്‍കാലങ്ങളില്‍ പഠിച്ചവര്‍ക്കായി ഒറ്റത്തവണ പരീക്ഷ നടത്തുന്നത് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ഒറ്റത്തവണ പരീക്ഷക്ക് പകരം ബദല്‍ സംവിധാനമൊരുക്കാനാണ് ആലോചന. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിലബസ് പ്രകാരം ചോദ്യപേപ്പര്‍ തയാറാക്കുന്നതിനും മൂല്യനിര്‍ണയത്തിന് അധ്യാപകരെ കണ്ടെത്തുന്നതിനുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണിത്. 1990 മുതല്ക്കുള്ള ഒട്ടേറെ കേസുകള്‍ പരീക്ഷാഭവന് മുന്നില്‍ എത്തുന്നത് ജീവനക്കാര്‍ക്കും അധികൃതര്‍ക്കും തലവേദനയായ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ചുള്ള ആലോചനക്ക് കാരണം. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്ഥിരംസമിതി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തി. ബന്ധപ്പെട്ട പഠനബോര്‍ഡ് അംഗങ്ങളുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്താനാണ് ധാരണയായത്.
മുന്‍കാലങ്ങളില്‍ കോഴ്സ് പൂര്‍ത്തീകരിക്കുകയും എന്നാല്‍, എല്ലാ വിഷയങ്ങളിലും വിജയിക്കാനാകാതെ വരുകയും ചെയ്ത വ്യക്തികളാണ് വര്‍ഷങ്ങള്‍ക്കുശേഷം പരീക്ഷ എഴുതി വിജയിക്കാന്‍ അവസരം തേടി സര്‍വകലാശാല പരീക്ഷാഭവനെ സമീപിക്കുന്നത്. ഇത്തരത്തില്‍ നിരവധി അപേക്ഷകള്‍ ഉണ്ടാകാറുണ്ട്. ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറെ ബുദ്ധിമുട്ടി ഒറ്റത്തവണ പരീക്ഷ നടത്തികൊടുക്കാറാണ് പതിവ്. എന്നാല്‍, ഇതില്‍ മാറ്റം വരുത്താനാണ് ശ്രമം. അപേക്ഷകന് മുന്‍കാലങ്ങളില്‍ പഠിച്ച സിലബസിനോട് സാമ്യമുള്ള പുതിയ സിലബസില്‍ പഠിച്ച് പരീക്ഷ എഴുതാന്‍ അവസരം നല്കാനാകുമോ എന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ സിന്‍ഡിക്കേറ്റിലേക്ക് പരീക്ഷ സ്ഥിരം സമിതി പ്രോപ്പോസല്‍ സമര്‍പ്പിക്കും. സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും അംഗീകരിച്ചാല്‍ മാത്രമേ പുതിയ സംവിധാനം നടപ്പാക്കാനാകൂ. വെള്ളിയാഴ്ച ചേര്‍ന്ന പരീക്ഷ സ്ഥിരംസമിതി ആകെ 86 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ കോപ്പിയടി അടക്കമുള്ള കേസുകളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.