സിവിൽസർവിസ് മെയിൻ പരീക്ഷ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി
text_fieldsന്യൂഡൽഹി: സിവിൽസർവിസ് മെയിൻ 2023 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച യൂനിയൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനം സ്റ്റേ ചെയ്യാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതാനും സിവിൽ സർവിസ് ഉദ്യോഗാർഥികൾ നൽകിയ ഹരജി ജസ്റ്റിസ് ചന്ദ്രധാരി സിങ് തള്ളി. ജൂലൈ 10 നാണ് യു.പി.എസ്.സി സിവിൽ സർവിസ് മെയിൻ പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചത്.
ഈ വർഷം ആദ്യം നടന്ന പ്രിലിമിനറി പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ട്, പരാജയപ്പെട്ട 17 ഉദ്യോഗാർഥികളാണ് ഹരജി നൽകിയത്.
പ്രിലിമിനറി പരീക്ഷ റദ്ദാക്കാൻ ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നില്ലെന്ന് ഹരജിക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, മെയിൻ പരീക്ഷക്കുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രധാന ഹരജി വിഫലമാകുമെന്നും ഹരജിക്കാർ വാദിച്ചു. വിഷയം കോടതിയിൽ നിലനിൽക്കെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള യു.പി.എസ്.സി തീരുമാനം നിയമ നടപടി അട്ടിമറിക്കാനാണ്. കാലപ്പഴക്കത്തിന്റെ പേരിൽ ആവശ്യം തള്ളുക എന്നത് യു.പി.എസ്.സിയുടെ പഴയ തന്ത്രമാണെന്നും ഹരജിക്കാർ പറഞ്ഞു. മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളുടെ ഉത്തരസൂചിക മുൻകൂട്ടി തയാറാക്കുന്നതിനാൽ അത് പരീക്ഷക്കുശേഷം പുറത്തുവിടാൻ കഴിയുമെന്നും അത് ഉദ്യോഗാർഥികൾക്ക് മൂല്യനിർണയത്തെ കുറിച്ച് വ്യക്തത നൽകുമെന്നും ഹരജിയിൽ പറഞ്ഞു.
അതേസമയം, 2023ലെ സിവിൽ സർവിസ് പരീക്ഷയുടെ മുഴുവൻ പ്രക്രിയയും അവസാനിച്ച് അന്തിമ ഫലപ്രഖ്യാപനത്തിനു ശേഷം പരീക്ഷയുടെ മാർക്ക്, കട്ട് ഓഫ് മാർക്ക്, ഉത്തരസൂചിക എന്നിവ കമീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ജൂൺ 12ന് യു.പി.എസ്.സി വാർത്തക്കുറിപ്പിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.