സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വി. ശിവന്‍കുട്ടി
text_fieldsകൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയം. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.സി സ്‌കൂളുകളിലെയുമടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വെണ്ണല ഗവ. ഹൈസ്‌കൂളില്‍ നടത്തിയിരിക്കുന്നത്. കോളജുകളുടെ നിലവാരത്തിലുള്ള ലാബുകളാണ് ഇവിടെ യാഥാർഥ്യമാക്കിയിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസ മേഖലക്ക് ഏറെ ശക്തി പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വെണ്ണല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍, ഫിസിക്‌സ് കെമിസ്ട്രി, ബോട്ടണി ലാബുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ വി.എ ശ്രീജിത്ത്, പി.ആര്‍. റെനീഷ്, ഷീബ ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി ഹര്‍ഷില്‍, വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.