ഈ വർഷം വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ ഓണ്‍ലൈനിലൂടെ നടത്തും. സമൂഹത്തില്‍ വായനയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈനായി നടത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരും കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഇത്തവണ വായനാ പക്ഷാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ മുഖേന ലൈബ്രറി കൗണ്‍സിലും സ്കൂള്‍ - കോളജ് വിദ്യാർഥികള്‍ക്കിടയില്‍ ഓണ്‍ലൈനായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ മുഖേനയും വെള്ളിയാഴ്ച മുതല്‍ ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണം ആചരിക്കും.
എല്ലാ ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. വിദ്യാർഥികള്‍ക്ക് വായനക്കാവശ്യമായ പുസ്തകങ്ങള്‍ കണ്ടെത്തി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അവ വീടുകളില്‍ എത്തിച്ചുനല്‍കും. ജി. ശങ്കരപിള്ള, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, വി. സാംബശിവന്‍, വൈക്കം മുഹമ്മദ് ബഷീര്‍, തിരുനല്ലൂര്‍ കരുണാകരന്‍, ഐ.വി. ദാസ് തുടങ്ങിയവരുടെ അനുസ്മരണവും ഇതോടനുബന്ധിച്ച് വിവിധ പരിപാടികളും വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. യോഗത്തില്‍ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.