നാക് അക്രഡിറ്റേഷനൊരുങ്ങി വേങ്ങര മലബാർ കോളജ്
text_fieldsവേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക് അക്രഡിറ്റേഷനൊരുങ്ങുന്നു. പുതുതായി ഒരു കോളജ് ആരംഭിക്കുമ്പോഴുള്ള ബാലാരിഷ്ടതകൾ അതിവേഗം മറികടന്നാണ് മലബാർ കോളജ് നാക് അക്രഡിറ്റേഷന് തയാറെടുക്കുന്നതെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാക് അക്രഡിറ്റേഷന്‍റെ ഭാഗമായി ജൂൺ 20, 21 തീയതികളിലാണ് നാക് പിയർ ടീം കോളജിൽ സന്ദർശനത്തിനെത്തുന്നത്. പഠന രംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച പുരോഗതി, കോഴ്സുകൾ, അധ്യാപകരുടേയും വിദ്യാർഥികളുടേയും മികവുകൾ, ഭൗതിക സൗകര്യങ്ങൾ എന്നിവ സംഘം വിലയിരുത്തും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നിർണയിക്കുന്നത്.
കോളജുകളില്ലാത്ത എല്ലാ മണ്ഡലത്തിലും കോളജ് എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായി 2013ലാണ് വേങ്ങരയിൽ മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പിറവി കൊള്ളുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ശാക്തീകരിക്കപ്പെടുന്നതിൽ സർക്കാർ-എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രധാന പങ്ക് വഹിച്ചു. കലാ കായിക രംഗത്ത് സുത്യർഹമായ നേട്ടങ്ങൾ കൈവരിക്കാനും കോളജിന് സാധിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള അവാർഡും മികച്ച വിദ്യാർഥിക്കുള്ള മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരവുമടക്കം നിരവധി നേട്ടങ്ങൾ കോളജിന് ലഭിച്ചിരുന്നു.
മികവുറ്റ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഉന്നത ഗ്രേഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും കോളജ് പ്രതിനിധികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ മാനേജർ സി.ടി. മുനീർ, പ്രിൻസിപ്പൽ എം. ബിശാറ, മുൻ പ്രിൻസിപ്പൽ ഡോ. യു. സൈതലവി, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ എം. രേഷ്മ, പി.ടി.എ വൈസ് പ്രസിഡന്റ് അലി മേലേതിൽ, അസിസ്റ്റന്‍റ് കോ ഓഡിനേറ്റർ അബ്ദുൽ ബാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.