ബഹിരാകാശ മ്യൂസിയമായി പന്തക്കൽ നവോദയ വിദ്യാലയം; ശാസ്ത്രവിസ്‌മയമൊരുക്കി വിജ്ഞാൻ ജ്യോതി കോൺക്ലേവ്
text_fieldsമാഹി: പന്തക്കൽ നവോദയ വിദ്യാലയത്തിൽ നടക്കുന്ന വിജ്ഞാൻ ജ്യോതി കോൺക്ലേവിന്‍റെ ഭാഗമായി രണ്ടാം ദിനം ബഹിരാകാശ പ്രദർശനം, തൽസമയ ശാസ്ത്ര പരീക്ഷണങ്ങൾ, പ്രമുഖ ശാസ്ത്രജ്ഞൻമാർ നയിച്ച സംവാദക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. ശാസ്ത്രസെമിനാറിൽ തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ മെഡിക്കൽ ഗവേഷണ കേന്ദ്രത്തിലെ ബയോമെഡിക്കൽ എഞ്ചിനീയർ ശരത് എസ്. നായർ 'ബയോമെഡിക്കർ രംഗത്തെ നവീന സാങ്കേതിക വിദ്യകൾ' എന്ന വിഷയത്തിൽ സംവദിച്ചു.
മാഹി മഹാത്മാഗാന്ധി ഗവ. കോളജിലെ ബിരുദാനന്തര വിദ്യാർഥികളുമായി നടത്തിയ ശാസ്ത്ര ക്ലാസ്സിൽ വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ പി. സോജൻ, ഡോ. എം. ശ്രീജിത്ത് എന്നിവർ 'സ്പേസ് ടെക്നോളജിയിലെ നവീന സാങ്കേതിക വിദ്യകൾ' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വിക്രം സാരാഭായി സ്പേസ് സെന്‍റർ ശാസ്ത്രജ്ഞൻ ഷിജു ചന്ദ്രൻ 'റോക്കറ്റ് വിക്ഷേപണ രംഗത്തെ അടിസ്ഥാന സാങ്കേതിക തത്വങ്ങൾ' ലളിതമായി വിവരിച്ചു.
ഐ.ബി.എമ്മിന്‍റെ സാമ്പത്തിക സഹായത്തോടെ അമേരിക്കൻ -ഇന്ത്യാ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന സയൻസ് വർക്ക്ഷോപ്പിൽ ഭാവി ശാസ്ത്ര പ്രതിഭകൾക്ക് ശാസ്ത്രകിറ്റുകളുപയോഗിച്ചുള്ള പരീക്ഷണങ്ങൾ വേറിട്ട അനുഭവമായി. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ കോൺക്ലേവ് വേദിയെ അഭിസംബോധന ചെയ്യുകയും വിവിധ സെഷനുകളിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കോൺക്ലേവ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര ഗണിത മാതൃകകളുടെ പ്രദർശനവും നടന്നു. എക്‌സ്‌പീരിയൻഷ്യൽ ലേണിങ് പഠനമാതൃകകൾ പരിചയപ്പെടുത്തുന്ന മൂന്ന് സമാന്തര സെഷനുകളിലായി 150ഓളം വിജ്ഞാൻ ജ്യോതി പ്രതിഭകൾ ശാസ്ത്രമാതൃകകൾ സ്വയം തയ്യാറാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഇലക്ട്രോ മാഗ്നറ്റിസം, ഇലക്ട്രിക് ഇലക്ട്രോണിക്കൽ കൂട്ടുകൾ എന്നിവയെ പരിചിതമാക്കുന്ന കിറ്റുകൾ ഉപയോഗിച്ച് മാതൃകകൾ നിർമിച്ചു.
ഉദ്ഘാടന ദിവസം രമേഷ് പറമ്പത്ത് എം.എൽ.എ സ്പേസ് എക്‌സിബിഷൻ സന്ദർശിച്ച് വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. അവസാന ദിനമായ തിങ്കളാഴ്ച മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും സ്പേസ് എക്‌സിബിഷൻ സ്റ്റാൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാലയ പ്രിൻസിപ്പൽ ഡോ. കെ.ഒ. രത്നാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.