യു.ജി.സി നിയമ ലംഘനം-സർക്കാർ കോളജുകളിൽ തുടർക്കഥയെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
text_fields.ജി.സി നിയമ ലംഘനം-സർക്കാർ കോളജുകളിൽ തുടർക്കഥയെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിതിരുവനന്തപുരം: യു.ജി.സി വ്യവസ്ഥകൾ ലംഘിച്ച് പ്രിൻസിപ്പൽ, പ്രഫസർ തസ്തികളിലേക്ക് നിയമനവും പ്രൊമോഷനുകളും നൽകുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ തുടർക്കഥയാണെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി സംസ്ഥാന മന്ത്രി യു.ജി.സി വ്യവസ്ഥകൾ പാടെ ലംഘിച്ച് ഉത്തരവിറക്കുന്നതായാണ് ആക്ഷേപം.
യു.ജി.സി വ്യവസ്ഥകൾ കൃത്യമായി പാലിച്ച് യോഗ്യതയില്ലാത്തവരുടെ പ്രിൻസിപ്പൽ, പ്രഫസർ പ്രമോഷനുകൾ തടഞ്ഞ കോളജ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിഗ്നേശ്വരിയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് ഈ അടുത്ത ഇടയാണ്. ഡയറക്ടറുടെ നിലപാടുകളെ മന്ത്രി ആർ. ബിന്ദു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിശിതമായി വിമർശിച്ചിരുന്നു.
പുതിയ ഡയറക്ടർ വന്നതിനുശേഷമാണ് യു.ജി.സി യോഗ്യതയില്ലാത്ത നിരവധി പേർക്ക് പ്രിൻസിപ്പൽമാരായും പ്രഫസർ മാരായും പ്രമോഷൻ നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ൽ വിദഗ്ധ സമിതി ഇൻറർവ്യൂ കഴിഞ്ഞ് യൂ.ജി.സി യോഗ്യതയുള്ളതായി കണ്ടെത്തിയ 35 സർക്കാർ കോളജ് അധ്യാപകർക്കാണ് പ്രഫസർ ആയി പ്രൊമോഷൻ നൽകിയത്.
കോളജ് വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന വിഘനേശ്വരി അധ്യക്ഷയായ വിദഗ്ധ സമിതിയാണ് പ്രമോഷൻ നൽകാൻ ശുപാർശ ചെയ്തത്. സി.പി.എം അനുകൂല അധ്യാപക സംഘടനയിൽപെട്ട അധ്യാപകരിൽ ചിലരും അയോഗ്യരായവരുടെ കൂട്ടത്തിൽ പെട്ടിരുന്നു.
യു.ജി.സി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞ് മാത്രമേ അയോഗ്യരായവർക്ക് വീണ്ടും അപേക്ഷ നൽകാൻ പാടുള്ളുവെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ പുതിയ വിദഗ്ധസമിതികൾ രൂപീകരിച്ച് നേരത്തെ അയോഗ്യരായി കണ്ടെത്തിയവർക്കും പ്രഫസർ പ്രമോഷൻ നൽകി.
യു.ജി.സിയുടെ അംഗീകൃത കെയർ പട്ടികയിൽപെട്ട ജേർണലുകളിൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പകരം യാതൊരു നിലവാരവും ഇല്ലാത്ത ചില കോളജ് മാഗസീനുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കൂടി കണക്കിലെടുത്തതാണ് 90 പേർക്ക് പ്രമോഷൻ നൽകിയത്. കോളജ് പ്രിൻസിപ്പൽ ആകുന്നതിന് 15 വർഷത്തെ അധ്യാപനപരിചയം വേണമെന്ന യൂ.ജി.സി വ്യവസ്ഥയിരിക്കെ, ഡെപ്യൂട്ടേഷനിൽ അനധ്യാപക പദവികളിൽ സേവനം ചെയ്ത കാലയളവ് കൂടി അധ്യാപനപരി ചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടതും ഈയടുത്തയിടെയാണ്. ഇതും യു.ജി.സി വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
യു.ജി.സി വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രിൻസിപ്പൽമാരായി പ്രമോഷൻ നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ മുപ്പതോളം സർക്കാർ കോളജുകളിൽ സ്ഥിരം പ്രിൻസിപ്പാൾമാരെ നിയമിക്കുന്നത് തടസപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞദിവസം യോഗ്യതയില്ലാത്ത ഏഴുപേരെ കൂടി പ്രിൻസിപ്പൽമാരായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇവരും ഭരണകക്ഷി സംഘടനയിൽ പെട്ടവരാണ്. സർക്കാർ കോളജിൽ യൂ.ജി.സി വ്യവസ്ഥകൾ ലംഘിച്ചു നടത്തിയിട്ടുള്ള എല്ലാ പ്രമോഷനുകളും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.