മന്ത്രി ബിന്ദുവിനെ 'പ്രഫസറാ'ക്കാൻ കാലിക്കറ്റിൽ ചട്ടവിരുദ്ധ ഉത്തരവ്
text_fieldsകോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് പ്രഫസർ പദവി നൽകാൻ കാലിക്കറ്റ് സർവകലാശാലയിൽ യു.ജി.സി ചട്ടലംഘനം. ബിന്ദുവിന് മുൻകാലപ്രാബല്യത്തിൽ പദവി കിട്ടാനായി, വിരമിച്ച അധ്യാപകർക്കുകൂടി പ്രഫസറാകാമെന്ന് സർവകലാശാല തീരുമാനമെടുത്തു. സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വൈസ് ചാൻസലർ ഉത്തരവിറക്കി.
ജോലിയിൽ തുടരുന്ന അർഹരായ അധ്യാപകർക്ക് മാത്രമേ മുൻകാല പ്രാബല്യത്തിൽ പ്രഫസർ പദവി നൽകാവൂ. വിരമിച്ചവർ പ്രഫസറാകുന്നതോടെ 2018 ജൂലൈ 18 മുതൽ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാറിന് അഞ്ചുകോടി രൂപ അധിക ബാധ്യതയുണ്ടാകും. ഓരോരുത്തർക്കും അഞ്ചുലക്ഷം രൂപ വരെ ശമ്പള കുടിശ്ശിക നൽകേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മന്ത്രി ആർ. ബിന്ദു തൃശൂർ കേരളവർമ കോളജിൽനിന്ന് സ്വയം വിരമിക്കുകയായിരുന്നു. അന്ന് അസോസിയേറ്റ് പ്രഫസറായിരുന്നു ബിന്ദു.
പ്രഫസർ പദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചതും ബാലറ്റ് പേപ്പറിൽ പ്രഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ഹൈകോടതിയിൽ ഹർജി നൽകി. ഈ കേസിൽ മന്ത്രി പ്രഫസറാണെന്ന് തെളിയിക്കാനാണ് കാലിക്കറ്റ് സർവകലാശാല ചട്ടം മാറ്റിയത്. മന്ത്രിക്കുവേണ്ടി മാത്രം ചട്ടങ്ങൾ മാറ്റിയെന്ന ആക്ഷേപം ഒഴിവാക്കാനാണ് വിരമിച്ചവരെയും പരിഗണിച്ചത്. നേരത്തേ, സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപകർക്ക് മാത്രമായിരുന്നു പ്രഫസർ പദവി നൽകിയത്. കോളജുകളിലുള്ളവർക്ക് പദവി അനുവദിെച്ചങ്കിലും സംസ്ഥാനത്ത് ഉത്തരവിറക്കിയത് 2021 ഫെബ്രുവരിയിലാണ്.
ജോലിയിലുള്ള അധ്യാപകരെയാണ് ഇൻറർവ്യൂ നടത്തി പ്രഫസർ പദവിക്ക് ശിപാർശ ചെയ്യുന്നത്. 2018ലെ പുതുക്കിയ ചട്ടം മാറ്റമില്ലാതെ നടപ്പാക്കി അഡീഷനൽ ചീഫ് സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിട്ടുണ്ട്. 2018ൽ വിരമിച്ചവരെ കേരള സർവകലാശാലയിൽ പ്രഫസർ പദവിയിലേക്ക് പരിഗണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കാലിക്കറ്റിലെ മുൻ സിൻഡിക്കേറ്റ് അംഗമായ മന്ത്രി, പ്രഫ. ബിന്ദു എന്ന പേരിൽ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. തുടർന്ന് പ്രഫസർ പദവി പിൻവലിച്ച് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കി. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.