എസ്.സി വിദ്യാർഥികൾക്ക് വെർച്വൽ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്‍റർ
text_fieldsതിരുവനന്തപുരം: അഭ്യസ്തവിദ്യരായ പട്ടികജാതി വിദ്യാർഥികളെ വിവിധ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കാനും നൈപുണ്യപരിശീലനം നൽകാനുമായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും വെർച്വൽ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകൾ ആരംഭിക്കുന്നത് സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ആദിവാസി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളെ ബീറ്റ് ഓഫിസർ തസ്തികയിൽ നിയമിക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയായിവരുന്നതായി മന്ത്രി അറിയിച്ചു.
പട്ടികജാതി-വർഗ വിഭാഗത്തിൽനിന്ന് 500 എൻജിനീയറിങ് ഉദ്യോഗാർഥികൾക്ക് അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർമാരായി നിയമനം നൽകി. 114 എം.എസ്.ഡബ്ല്യു ബിരുദധാരികൾക്ക് സോഷ്യൽ വർക്കർമാരായും 380 ബിരുദധാരികൾക്ക് അപ്രന്റിസ് ക്ലാർക്കുമാരായും 2390 പേർക്ക് പ്രമോട്ടർമാരായും നിയമനം നൽകി.
18 നിയമബിരുദധാരികളെ ഹോണറേറിയം വ്യവസ്ഥയിൽ ലീഗൽ കൗൺസലർ, ലീഗൽ സെൽ കോഓഡിനേറ്റർ, ലീഗൽ അഡ്വൈസർ തസ്തികകളിൽ നിയമിച്ചു. ഇതിനുപുറമെ, പട്ടികജാതി-വർഗക്കാരായ 94 നിയമബിരുദധാരികളെ ഗവ. പ്ലീഡർമാർ, സീനിയർ അഡ്വക്കറ്റുമാർ എന്നിവർക്കു കീഴിൽ ഹോണറേറിയത്തോടെ രണ്ടുവർഷത്തേക്ക് പരിശീലനത്തിന് നിയമിക്കാൻ നടപടിയാരംഭിച്ചു.
നഴ്സിങ്, പാരാമെഡിക്കൽ, മാനേജ്മെന്റ് അധ്യാപന മേഖലയിലുള്ള ഉദ്യോഗാർഥികളുടെ നിയമനം സംബന്ധിച്ച വിഷയം സർക്കാറിന്റെ പരിഗണനയിലാണ്. വിവിധ മേഖലയിൽ യോഗ്യതക്കനുസരിച്ച തൊഴിൽ ലഭ്യമാക്കാൻ പരിശീലനവും പിന്തുണയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.