ശമ്പളം കൃത്യം, ഭക്ഷണം സൗജന്യം, മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും; 'സൂപ്പർസ്റ്റാർ സോഫ്റ്റ്വെയർ' എൻജിനീയർമാരെ തേടി ഗൂഗ്ൾ
text_fieldsഗൂഗ്ളിൽ ജോലി ചെയ്യുക എന്നത് ലക്ഷക്കണക്കിന് ടെക്കികളുടെ സ്വപ്നമാണ്. എന്നാൽ ഈ ടെക്ഭീമനിൽ ജോലി നേടുക എന്നത് അത്ര എളുപ്പമല്ല. 2024 ജൂൺ വരെയുള്ള കണക്ക് പ്രകാരം 179,000 ലേറെ പേർ ഗൂഗ്ളിൽ ജോലി ചെയ്യുന്നുണ്ട്.
ഉദ്യോഗാർഥികളെ സഹായിക്കാൻ ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ തന്നെ നേരിട്ടു വന്നിരിക്കുകയാണ്. ഗൂഗ്ളിൽ ജോലി നേടാനുള്ള ടിപ്സുകളാണ് സുന്ദർപിച്ചെ പങ്കുവെക്കുന്നത്. കഴിവുള്ളവരെ മാത്രമല്ല, കൂടുതൽ പഠിക്കാൻ താൽപര്യമുള്ള സൂപ്പർസ്റ്റാർ സോഫ്റ്റ്വെയർ എൻജിനീയർമാരെയാണ് തങ്ങൾക്ക് വേണ്ടതെന്നും ഡേഡിഡ് റൂബെൻസീറ്റിന്റെ അഭിമുഖ പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.
ജോലിക്കു മുമ്പുള്ള അഭിമുഖത്തിന് ഉദ്യോഗാർഥികൾ നല്ല തെരഞ്ഞെടുപ്പ് നടത്തണം. ഗൂഗ്ളിന്റെ പ്രധാന മൂല്യങ്ങൾ മനസിലാക്കുക മാത്രമല്ല, കമ്പനിയുടെ ദൗത്യങ്ങളെ കുറിച്ച് വ്യക്തത വേണം. അഭിമുഖത്തിനിടെ ഉദ്യോഗാർഥികൾ തങ്ങൾ വ്യക്തിപരമായ കഴിവ് തെളിയിച്ച അവസരങ്ങൾ പങ്കുവെക്കേണ്ടത് അനിവാര്യമാണെന്നും സുന്ദർപിച്ചെ പറഞ്ഞു.
എൻജിനീയറിങ് പോലുള്ള മേഖലയിൽ നിന്നുള്ള ഗൂഗ്ളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കഴിവ് വേണം എന്നു മാത്രമല്ല, കൂടുതൽ അറിയാനും പഠിക്കാനും വളരാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള മനസുകൂടിയുണ്ടാകണം. ഗൂഗ്ളിൽ ജീവനക്കാർക്ക് ഭക്ഷണം സൗജന്യമാണ്. ഇത് സാമൂഹിക ബോധം വളർത്തിയെടുക്കാനും സർഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാനും സഹായിക്കുമെന്നും പിച്ചൈ സൂചിപ്പിച്ചു.
ഗൂഗ്ളിൽ ജോലിക്ക് കയറിയപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. പുതിയ ആശയങ്ങൾ കണ്ടെത്താൻ ഗൂഗ്ൾ വളരെയേറെ സഹായിച്ചു. ആകർഷമായ ശമ്പളം, പൂർണ ആരോഗ്യ ഇൻഷുറൻസ്, ഫിറ്റ്നസ് സെന്ററുകൾ, റിട്ടയർമെന്റ് അടക്കമുള്ള ആനുകൂല്യങ്ങൾ ഗൂഗ്ൾ ജീവനക്കാർക്ക് നൽകുന്നുണ്ട്. ഗൂഗ്ളിൽ നിന്ന് ഓഫർ ലഭിച്ചാൽ 90 ശതമാനം ആളുകളും അത് സ്വീകരിക്കാൻ താൽപര്യം കാണിക്കുന്നതിന് കാരണവും ഇതുതന്നെ. ശമ്പളം നൽകാതെയും മറ്റ് ആനുകൂല്യങ്ങൾ നൽകാതെയും ജീവനക്കാരെ ദ്രോഹിക്കുന്ന കമ്പനികളിൽ ജോലി ചെയ്യാൻ ഒരാളും താൽപര്യം കാണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.