എം.ബി.ബി.എസ് പരീക്ഷ ഹാളിലും വാച്ചും വെള്ളക്കുപ്പിയും വിലക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് ആരോഗ്യ സർവകലാശാല വിലക്കേർപ്പെടുത്തി. പി.എസ്.സി പരീക്ഷ തട്ടിപ്പിെൻറയും ആറ് മെഡിക്കൽ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാൻ എല്ലാ പരീക്ഷ ഹാളിലും േക്ലാക്കുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട േകാളജുകൾക്ക് നിർദേശം നൽകും. വെള്ളക്കുപ്പികളും ഹാളിൽ അനുവദിക്കില്ല. പകരം കോളജുകൾതന്നെ പരീക്ഷാഹാളിൽ കുടിവെള്ളം ലഭ്യമാക്കും. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങൾക്കും വിലക്കുണ്ട്. പരീക്ഷയെഴുതാൻ സാധാരണ ബോൾ പോയൻറ് പേനകൾ മാത്രമേ ഉപയോഗിക്കാവൂ. ഇതും കോളജ് അധികൃതർ ലഭ്യമാക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച് സർവകലാശാല പരീക്ഷാബോർഡിെൻറ ശിപാർശ കഴിഞ്ഞ ഗവേണിങ് കൗൺസിൽ അംഗീകരിച്ചു. ഉടൻതന്നെ നിർദേശം കോളജുകൾക്ക് കൈമാറുമെന്ന് ആരോഗ്യ സർവകലാശാല പ്രോ വി.സി ഡോ. എ. നളിനാക്ഷൻ പറഞ്ഞു.
ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം എസ്.യു.ടി, കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്, വർക്കല എസ്.ആര്‍ സ്വാശ്രയ മെഡിക്കൽ കോളജുകളിലും കോപ്പിയടി കണ്ടെത്തിയിരുന്നു. പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ സർവകലാശാല പരിശോധിച്ചതോടെയാണ് കോപ്പിയടി കണ്ടെത്തിയത്. ഇതോടെ ആദ്യ അഞ്ച് മെഡിക്കൽ കോളജുകളിലെ ഫലം തടയുകയും കോപ്പിയടിച്ച വിദ്യാർഥികളുടെ പേര് വിവരം ഹാജരാക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതുപ്രകാരം അഞ്ച് കോളജുകളിലെ ആറ് വിദ്യാർഥികളുടെ വിവരം കൈമാറി. ഇൗ ആറ് വിദ്യാർഥികളുടെത് ഒഴികെയുള്ളവരുടെ ഫലം സർവകലാശാല പ്രസിദ്ധീകരിച്ചു. ആറ് പേരിൽനിന്ന് വിശദീകരണം തേടിയശേഷം തുടർനടപടി സ്വീകരിക്കും.
വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ സപ്ലിമെൻററി പരീക്ഷയെഴുതിയ 21ഉം ഒന്നാം വർഷ സപ്ലിമെൻററി പരീക്ഷയെഴുതിയ എട്ട് പേരുടെയും ഫലമാണ് തടഞ്ഞത്. ഒന്നാം വർഷ സപ്ലിമെൻററി പരീക്ഷയെഴുതിയ എട്ടിൽ ഏഴുപേർ കോപ്പിയടിക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതോടൊപ്പം കോളജ് നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് ഫലം തടയാനും പരീക്ഷാകേന്ദ്രം റദ്ദാക്കാനും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.