വയനാട്: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യവുമായി എം.ജി
text_fieldsകോട്ടയം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തുടര്‍പഠനത്തിന് മഹാത്മാഗാന്ധി സര്‍വകലാശാല സൗകര്യമൊരുക്കും. ദുരിതമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് താൽപര്യമുണ്ടെങ്കില് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയിലെ പഠന വകുപ്പുകളിലോ അഫിലിയേറ്റഡ് കോളജുകളിലോ പഠിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും.
ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവരില്‍ സര്‍വകലാശാലയിലോ അഫിലിയേറ്റഡ് കോളജുകളിലോ പഠിച്ചവരുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കാനും വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗം തീരുമാനിച്ചു.
സര്‍വകലാശാലയില്‍ പുതിയ സ്പോര്‍ട്സ് ഡയറക്ടറേറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. സര്‍വകലാശാല തലം മുതലുള്ള കലോത്സവങ്ങളില്‍ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ് ഇനങ്ങളിലും എ ഗ്രേഡ് നേടുന്ന പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. പുതിയ സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.
അഡ്വ. റെജി സക്കറിയ (സ്റ്റാഫ്), അഡ്വ. പി.ബി. സതീഷ് കുമാര്‍(അഫിലിയേഷന്), ഡോ.എ.എസ്. സുമേഷ് (അപ്രൂവല്‍), അരുണ്‍ കെ. ശശീന്ദ്രന് (ബിസിനസ്), പി. ഹരികൃഷ്ണന് (ഫിനാന്‍സ്), ഡോ. ബാബു മൈക്കിള്‍ (റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ്), പി.ബി. രതീഷ് (ലീഗല്‍ അഫയേഴ്സ്), അമല്‍ എബ്രഹാം (സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ആന്‍ഡ് ഗ്രീവന്‍സസ്), ഡോ. സെനോ ജോസ് (പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ്), ഡോ. ടി.വി. സുജ (അക്കാദമിക് അഫയേഴ്സ്), ഡോ. ജോജി അലക്സ് (പരീക്ഷ), ഡോ. ബിജു തോമസ് (സ്റ്റുഡന്റ്സ് ഡിസിപ്ലിന്‍) എന്നിവരാണ് കമ്മിറ്റി കണ്‍വീനര്‍മാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.