Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപത്ത് കഴിഞ്ഞാലെന്ത്?...

പത്ത് കഴിഞ്ഞാലെന്ത്? കോഴ്സ് തിരഞ്ഞെടുപ്പ് കൃത്യമാക്കാം

text_fields
bookmark_border
edu news
cancel

പത്താം തരം ജയിച്ച വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ചോദ്യം അടുത്ത പ്ലാന്‍ എന്താണ് എന്നതായിരിക്കും. പത്ത് കഴിഞ്ഞവര്‍ ഇതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ദാ ഇപ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കാം.

നിങ്ങള്‍ എന്താവണം എന്ന് നിര്‍ണയിക്കുന്നത് പത്താം തരത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് തന്നെയാണ്. ഉപരിപഠനത്തിലെ താൽപര്യങ്ങള്‍, കഴിവ്, അഭിരുചി എന്നിവ അനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ കൃത്യമായ തൊഴില്‍മേഖലയില്‍ എത്താന്‍ സഹായിക്കുന്നു.

പത്തിന് ശേഷമുള്ള ഉപരിപഠന സാധ്യതകളെ മൂന്നു തലങ്ങളിൽ കാണാം.

1. ഹയര്‍ സെക്കൻഡറി കോഴ്സുകള്‍,

2. ടെക്നിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍,

3. സർട്ടിഫിക്കറ്റ് കോഴ്സുകള്‍.

ആദ്യത്തെ കോഴ്സ് ഉപരിപഠന സാധ്യതകള്‍ അനന്തമായി തുറന്നുതരുന്നതാണ്. രണ്ടാമത്തേത് ബിരുദതല ഉപരിപഠനവും സാങ്കേതിക ഉപരിപഠനവും സാധ്യമാക്കുന്നതാണ്. അതേസമയം മൂന്നാമത്തെ കോഴ്സുകള്‍ സാങ്കേതികവും അല്ലാത്തതുമായ മേഖലകളില്‍ തൊഴില്‍സാധ്യതക്ക് അവസരമൊരുക്കുന്നതാണ്. ഉപരിപഠന സാധ്യതകള്‍ ആദ്യത്തെ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇല്ല എന്നുതന്നെ പറയാം.

ഹയർ സെക്കന്‍ഡറി കോഴ്സുകള്‍

ഇതുതന്നെ വ്യത്യസ്ത തരത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്നുണ്ട്. പ്രധാനം കേരള പ്ലസ് ടു തന്നെയാണ്. മറ്റൊന്ന് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി കോഴ്സുകള്‍, മൂന്നാമത്തേത് ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി. പിന്നെ സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും നടത്തുന്ന ഹയർ സെക്കന്‍ഡറി കോഴ്സുകളും.

ടെക്നിക്കല്‍ ഹയർ സെക്കന്‍ഡറി ഒഴികെയുള്ള സംവിധാനത്തില്‍ കോഴ്സുകളെ സയന്‍സ്, കോമേഴ്സ്‌, ഹ്യുമാനിറ്റീസ് എന്നിങ്ങനെ വിന്യസിച്ചിട്ടുണ്ട്. ഹയർ സെക്കന്‍ഡറി കോഴ്സുകൾ അനന്തമായ ഉപരിപഠന തൊഴില്‍ മേഖലകള്‍ തുറന്നുതരുന്നുണ്ട്. പക്ഷേ, കോഴ്സുകളും സ്ട്രീമുകളും തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ അഭിരുചി പരീക്ഷ നടത്തി ഏറ്റവും അനുയോജ്യമായവ തന്നെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പുവരുത്തണം.

ഒരുപാട് മേഖലകളിലേക്ക് വഴിതുറക്കും എന്നതുകൊണ്ടുമാത്രം സയന്‍സ് എടുക്കരുത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളില്‍ താല്‍പര്യവും കഴിവും അഭിരുചിയും ഉണ്ടെങ്കില്‍ മാത്രമേ സയന്‍സ് എടുക്കാവൂ. സയന്‍സ് എടുത്താല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, അഗ്രികള്‍ചര്‍ പോലുള്ള അലൈഡ് കോഴ്സുകള്‍, ബി.പി.ടി പോലുള്ള റിഹാബിലിറ്റേഷന്‍ കോഴ്സുകള്‍ എന്നിവക്ക് പുറമേ കോമേഴ്സ് ഹ്യുമാനിറ്റീസ് സ്ട്രീമിലെ ഉപരിപഠന സാധ്യതകളും തുറന്നുകിട്ടുന്നു.

ഏറ്റവും എളുപ്പമായ സ്ട്രീം അല്ലെങ്കില്‍ തൊഴില്‍സാധ്യത ഉറപ്പിക്കാന്‍ പറ്റുന്ന കോഴ്സ് എന്ന നിലക്ക് കോമേഴ്സിനെയും കാണരുത്. വായനശീലം ഉള്ളതുകൊണ്ടോ സിവില്‍ സര്‍വിസ് ആഗ്രഹം ഉള്ളതുകൊണ്ടോ ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കുന്ന രീതിയും നല്ലതല്ല. വളരെ കൃത്യമായ, എന്നാല്‍ ഹ്രസ്വവുമായ കരിയര്‍ ഉപരിപഠന സാധ്യത തുറന്നുതരുന്നതാണ് ഹ്യുമാനിറ്റീസ് എന്ന് മനസ്സിലാക്കുക.

ശാസ്ത്രീയമായി അഭിരുചികളും കഴിവുകളും കണ്ടെത്തുകയും, 10-15 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിച്ചേരണം എന്നാഗ്രഹിക്കുന്ന തൊഴിൽ-കര്‍മ മേഖലകളെ മനസ്സില്‍ കണ്ടുകൊണ്ട് ഉണ്ടാക്കുന്ന ദീര്‍ഘകാല കരിയര്‍ പ്ലാന്‍ ഉണ്ടാക്കി മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ സ്ട്രീമുകള്‍ തിരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റാനാവും.

പ്ലസ് ടുവില്‍ സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി 46 കോമ്പിനേഷന്‍ കോഴ്സുകളുണ്ട്. സയന്‍സില്‍ പ്രധാനമായും ബയോളജി-കെമിസ്ട്രി-ഫിസിക്സ്-മാത്തമാറ്റിക്സ്, കെമിസ്ട്രി-ഫിസിക്സ്-മാത്തമാറ്റിക്സ്-കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി-കെമിസ്ട്രി-ഫിസിക്സ്-സൈക്കോളജി/ഹോം സയന്‍സ് എന്നിങ്ങനെ കോമ്പിനേഷനാണുള്ളത്.

ഇതില്‍ ആദ്യത്തെ കോഴ്സാണ് അനവധി അവസരങ്ങള്‍ ഉള്ളതായി പരിഗണിക്കപ്പെടുന്നത്. ‘നീറ്റ്’ മാത്രമാണ് ലക്ഷ്യം, അതിനാല്‍ സയന്‍സ് എടുക്കുമ്പോള്‍ മാത്തമാറ്റിക്സ് വേണ്ടതില്ല എന്ന തീരുമാനമെടുക്കുമ്പോൾ സൂക്ഷിക്കണം.

കാരണം ‘നീറ്റി’ൽ പ്രാധാന്യം ഒട്ടും കുറവില്ലാത്ത ഫിസിക്സില്‍ നല്ലൊരു ഭാഗം മാത്തമാറ്റിക്സ് വരുന്നതും, നീറ്റ് എഴുതുന്നതിലെ വേഗത്തില്‍ ഗണിതത്തിന്റെ സ്വാധീനം ഒരു പരിധി വരെ പ്രധാനമാണ് എന്നതും അതിന്റെ ആവശ്യകത നിര്‍ബന്ധമാക്കുന്നു. പരമാവധി മാത് സ് ഒഴിവാക്കാതിരിക്കുക.

അതേപോലെ, എൻജിനീയറിങ്ങാണ് ഇഷ്ടമെങ്കിലും ബയോളജിയുടെ അവസരങ്ങളും വേണമെങ്കില്‍ ഉപയോഗിക്കാം എന്നൊക്കെ ചിന്തിച്ച് ബയോളജി എടുക്കുന്നവര്‍, പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ് പഠിക്കാന്‍ പോകുമ്പോള്‍ പ്ലസ് ടു തലത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കാതിരുന്നത് പ്രശ്നം ആകുമോ എന്ന് ഭയക്കേണ്ടതുമില്ല.

ഒരുപാട് പഠിക്കാനില്ലാതെ, എന്നാല്‍ കുറഞ്ഞ കാലംകൊണ്ട് ഒരു ജോലി നേടിയെടുക്കാനാവും എന്ന നിലക്ക് കോമേഴ്സ്‌ തിരഞ്ഞെടുക്കാം. സയന്‍സ് തീരെ താൽപര്യമില്ലാത്തവര്‍, കൃത്യമായി കോമേഴ്സ്‌ സാധ്യതകള്‍ അന്വേഷിച്ചവര്‍, ബിസിനസിൽ താൽപര്യമുള്ളവർ എന്നിവര്‍ക്ക് കോമേഴ്സ്‌ നല്ലതാണ്. മാനേജ്‌മെന്റ്‌ പഠനത്തിന് കോമേഴ്സാണ് നല്ലത്, സയന്‍സ് നല്ലതല്ല എന്ന ചിന്തയും വേണ്ടതില്ല.

ഒരാള്‍ സിവില്‍ സര്‍വിസ് പഠനം ആഗ്രഹിക്കുന്നു, അത് മാത്രമേ കരിയര്‍ ഓപ്ഷനായുള്ളൂ, അതിന് പറ്റിയില്ലെങ്കില്‍ ഏതെങ്കിലും മത്സരപരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി നേടിയെടുക്കാം എന്നുള്ളവർക്ക് തീര്‍ച്ചയായും ഹ്യുമാനിറ്റീസാണ് ഏറ്റവും നല്ലത്. പക്ഷേ, സിവില്‍ സര്‍വിസ് ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യുമാനിറ്റീസ് മാത്രമേ പാടുള്ളൂ എന്നില്ല.

ഹ്യുമാനിറ്റീസ് സ്ട്രീമില്‍ മാത്രമായി 32 കോഴ്സ് കോമ്പിനേഷനുകളുണ്ട്. കോമേഴ്സ്, ഹ്യുമാനിറ്റീസ് ആഗ്രഹിക്കുന്നവര്‍ കോഴ്സ് കോമ്പിനേഷനില്‍ സാധ്യമെങ്കില്‍ മാത്തമാറ്റിക്സ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ചില മികച്ച സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബി.കോം, ബി.എ ഇക്കണോമിക്സ്‌ പോലുള്ളവ പഠിക്കാന്‍ മാത്തമാറ്റിക്സ് നിര്‍ബന്ധമാണ്‌.

വൊക്കേഷനല്‍ ഹയർ സെക്കൻഡറികള്‍, സയന്‍സ്, കോമേഴ്സ്‌, ഹ്യുമാനിറ്റീസ് സ്ട്രീമുകള്‍ക്കൊപ്പം ബന്ധപ്പെട്ട തൊഴിലധിഷ്ഠിത പരിശീലനത്തിന് അനുയോജ്യമായ കോഴ്സുകള്‍കൂടി നല്‍കിവരുന്നു. പക്ഷേ, സാധാരണ പ്ലസ് ടു പോലെ വൈവിധ്യമാര്‍ന്ന കോഴ്സ് കോമ്പിനേഷനുകള്‍ ലഭ്യമല്ല.

ബയോളജി- കെമിസ്ട്രി- ഫിസിക്സ് മാത്തമാറ്റിക്സ്, കെമിസ്ട്രി- ഫിസിക്സ് -മാത്തമാറ്റിക്സ് എന്നിങ്ങനെ കോഴ്സ് കോമ്പിനേഷനും അനുബന്ധമായ തൊഴില്‍ പരിശീലനങ്ങളുമാണ് സയന്‍സ് സ്ട്രീമില്‍ ലഭ്യം. അക്കൗണ്ടന്‍സി- ബിസിനസ് സ്റ്റഡീസ്- മാനേജ്‌മെന്റ്‌ എന്നിവ കോമേഴ്സിലും, ഹിസ്റ്ററി-ജ്യോഗ്രഫി- ഇക്കണോമിക്സ്‌ എന്നിവ ഹ്യുമാനിറ്റീസ് സ്ട്രീമിലും ലഭ്യമാണ്.

ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറിയില്‍ സയന്‍സ് കോഴ്സ് കോമ്പിനേഷന്‍ മാത്രമേയുള്ളൂ. ഹ്യുമാനിറ്റീസ്, കോമേഴ്സ്‌ എന്നിവയില്ല. എൻജിനീയറിങ് ഉപരിപഠനത്തിനു പ്രാധാന്യം നല്‍കുന്ന കോഴ്സ് ഘടനയാണിതിൽ. അതേസമയം സി.ബി.എസ്.ഇ ഘടന വൈവിധ്യങ്ങളായ കോഴ്സ് കോമ്പിനേഷനുകള്‍ക്ക് അവസരം നല്‍കുന്നതാണ്.

പോളിടെക്നിക്കുകളും മറ്റു സാങ്കേതിക സ്ഥാപനങ്ങളും

പ്രായോഗിക പരിശീലനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍ക്കുന്ന കോഴ്സ് ഘടന ആഗ്രഹിക്കുന്നവര്‍ക്കും എൻജിനീയറിങ് ടെക്നിക്കല്‍ മേഖലയിലെ തൊഴിലധിഷ്ഠിത പഠനം മാത്രം അന്വേഷിക്കുന്നവര്‍ക്കും പോളിടെക്നിക്കുകള്‍ മികച്ച അവസരമാണ്. 25ലധികം എൻജിനീയറിങ്-ടെക്നോളജി കോഴ്സുകള്‍ പോളിടെക്നിക്ക​ുകളില്‍ നല്‍കിവരുന്നുണ്ട്. കേരളത്തില്‍ 52ഓളം സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളുണ്ട്.

പോളിടെക്നിക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് എൻജിനീയറിങ് ഡിഗ്രി കോഴ്സിനു ചേരാം. അതും രണ്ടാം വര്‍ഷം മുതല്‍തന്നെ. പ്ലസ് ടു സയന്‍സ് മാത്തമാറ്റിക്സ് വിഷയമായി പഠിച്ചവര്‍ക്ക് പോളിടെക്നിക് കോഴ്സുകള്‍ രണ്ടാം വര്‍ഷം മുതല്‍ പഠിച്ചാല്‍ മതി. പോളിടെക്നിക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിഗ്രി കോഴ്സുകള്‍ക്കും ചേരാവുന്നതാണ്.

പത്താം തരം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലാസ്റ്റിക് ടെക്നോളജിയിലെ മികച്ച സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാസ്റ്റിക് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍നിന്ന് പ്ലാസ്റ്റിക് മോൾഡ് ടെക്നോളജിയില്‍ ഡിപ്ലോമ പഠിക്കാം. എന്‍.ടി.ടി.എഫ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങളും വിവിധങ്ങളായ കോഴ്സുകള്‍ നല്‍കിവരുന്നു.

ഹ്രസ്വകാല സാങ്കേതിക പരിശീലന കോഴ്സുകളും സ്ഥാപനങ്ങളും

ഒരുപാട് കാലം പഠിക്കാന്‍ ആഗ്രഹമില്ല, പെട്ടെന്ന് സാങ്കേതിക പ്രാധാന്യമുള്ള ജോലി ലഭിക്കണം, പഠിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവരുത് തുടങ്ങി ഒട്ടേറെ വ്യക്തിപരമായ നിബന്ധനകള്‍ വെക്കുന്നവര്‍ക്ക്‌ ഐ.ടി.ഐ കോഴ്സുകള്‍ നല്ല അവസരമാണ്. മെട്രിക്, നോണ്‍ മെട്രിക്, ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ എന്നിങ്ങനെ വ്യത്യസ്ത ഗണത്തില്‍പെട്ട 45ലധികം തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഈ സാങ്കേതിക പഠന സ്ഥാപനങ്ങളുടെ കീഴിലുണ്ട്.

ഫുഡ്‌ ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൊടുക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലെ ഹ്രസ്വകാല കോഴ്സുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടത്തിവരുന്ന ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സുകള്‍ എന്നിങ്ങനെ തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്‍കുന്ന നിരവധി ഹ്രസ്വകാല കോഴ്സുകള്‍ കേരളത്തിലും പുറത്തും ലഭ്യമാണ്.

പ്ലസ് ടുവിന് ശേഷമുള്ള വൈവിധ്യമാര്‍ന്ന സാധ്യതകള്‍ അടുത്ത ‘വിൻഡോ’യിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoursesHigher StudiesEdu NewsCareer Guru
News Summary - What about after ten- Course selection with perfection
Next Story