അധ്യാപകർക്ക് വർക്ക് ഫ്രം ഹോം: സ്ഥാപന മേധാവിക്ക് അനുവദിക്കാം
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് കോവിഡ് വ്യാപന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കാൻ പ്രിൻസിപ്പൽ/ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. രണ്ട് വയസ്സിന് താഴെ കുട്ടികളുള്ള അമ്മമാർ, അർബുദരോഗികൾ, തീവ്രരോഗബാധിതർ തുടങ്ങിയവർക്ക് വർക്ക് ഫ്രം ഹോം ജോലി ചെയ്യാൻ സർക്കാർ അലോപ്പതി ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ/ പ്രഥമാധ്യാപകർക്ക് അനുമതി നൽകാം.
വർക്ക് ഫ്രം ഹോമിൽ ഏർപ്പെടുന്ന എല്ലാ അധ്യാപകരും ഓൺലൈൻ ക്ലാസുകളിലും തുടർപഠന പ്രവർത്തനങ്ങളിലും പൂർണമായും പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ/ പ്രഥമാധ്യാപകർ ഉറപ്പുവരുത്തണം. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ (പത്താം ക്ലാസിൽ പഠിപ്പിക്കുന്നവർ ഒഴികെ) ഈ മാസം 22, 29 തീയതികളിൽ സ്കൂളിൽ ഹാജരാകേണ്ട.
നേരത്തെ വർക്ക് ഫ്രം ഹോം അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവിയെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. സ്കൂൾ അധ്യാപകരുടെ വകുപ്പ് മേധാവി പൊതുവിദ്യാഭ്യാസ ഡയറക്ടറായതിനാൽ ഇതിന് പ്രായോഗിക തടസ്സമുണ്ട്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സ്കൂൾ മേധാവിയെ ചുമതലപ്പെടുത്തി ഡയറക്ടർ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.