Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപരിഷ്‍കരിച്ച...

പരിഷ്‍കരിച്ച പുസ്തകങ്ങളിൽ നിന്ന് പേരുകൾ നീക്കം ചെയ്യണം; ​ഇല്ലെങ്കിൽ നിയമനടപടി -എൻ.സി.ഇ.ആർ.ടിക്ക് കത്തയച്ച് യോഗേന്ദ്ര യാദവും പൽഷിക്കറും

text_fields
bookmark_border
Yogendra Yadav, Palshikar
cancel

ന്യൂഡൽഹി: പരിഷ്‍കരിച്ച എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ആവർത്തിച്ച് രാഷ്ട്രീയ ശാസ്ത്രജ്ഞരായ യോഗേന്ദ്ര യാദവും സുഹാസ് പൽഷിക്കറും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന് കത്തയച്ചു. ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി യുടെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്തിട്ടി​ല്ലെങ്കിൽ നിയമനടപടി സ്വീകരിക്കു​മെന്നാണ് ഇരുവരും കത്തിൽ ആവശ്യ​പ്പെട്ടത്. എൻ.സി.ഇ.ആർ.ടി മേധാവി ഡി.പി. സക്‍ലാനിക്കാണ് ഇവർ കത്തയച്ചത്. പുസ്തകത്തിന്റെ പരിഷ്‍കരിച്ച പതിപ്പിൽ നിന്ന് മുഖ്യഉപദേഷ്ടാക്കളെന്ന നിലയിലുള്ള തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരുവർഷമായി ഇക്കാര്യം ആവശ്യപ്പെട്ടിട്ടും പരിഷ്‍കരിച്ച പതിപ്പിലും തങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയത് ഞെട്ടലുണ്ടാക്കിയെന്ന് യോഗേന്ദ്ര യാദവും പാൽഷിക്കറും പറഞ്ഞു.

മുഖ്യ ഉപദേഷ്ടാക്കളായിരുന്ന തങ്ങളെ അറിയിക്കാതെയാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയതെന്നും ഇരുവരും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പരിഷ്‍കരിച്ച 12ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കുന്നില്ല. പകരം മൂന്ന് താഴികക്കുടങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ബി.ജെ.പിയുടെ രഥയാത്ര, കർസേവകരുടെ പങ്ക്, ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം, അയോധ്യയിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്ന ബി.ജെ.പിയുടെ പ്രഖ്യാപനം എന്നിവയെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പുതിയ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ കൂട്ടിച്ചേർക്കലും തിരുത്തലുകളും യുക്തിക്ക് നിരക്കാത്തതും യാഥാർഥ്യവുമായി ബന്ധമില്ലാത്തതുമാണെന്നും യോഗേന്ദ്രയും പൽഷിക്കറും ചൂണ്ടിക്കാട്ടി.

''ഞങ്ങളുമായി കൂടിയാലോചിക്കാതെ ഈ പാഠപുസ്തകങ്ങൾ വളച്ചൊടിക്കാനും ഞങ്ങളുടെ വിസമ്മതം അവഗണിച്ച് ഞങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കാനും എൻ.സി.ഇ.ആർ.ടിക്ക് ധാർമികമോ നിയമപരമോ ആയ അവകാശമില്ല. തന്നിരിക്കുന്ന ഏതെങ്കിലും കൃതിയുടെ കർത്തൃത്വത്തിനുള്ള ആരുടെയെങ്കിലും അവകാശവാദങ്ങളെക്കുറിച്ചുള്ള വാദങ്ങളും സംവാദങ്ങളും ഉണ്ടാകാം. എന്നാൽ രചയിതാക്കളും എഡിറ്റർമാരും തങ്ങളുടെ പേരുകൾ തങ്ങളുടേതെന്ന് തിരിച്ചറിയാത്ത ഒരു കൃതിയുമായി ബന്ധപ്പെടുത്താൻ നിർബന്ധിതരാകുന്നു എന്നത് വിചിത്രമാണ്.​''-എന്നാണ് കത്തിൽ പറയുന്നത്. തികച്ചും രാഷ്ട്രീയ പക്ഷപാതപരമായ പുസ്തകങ്ങളടെ കർതൃത്വം ഏറ്റെടുക്കാൻ ഒട്ടും ആഗ്രഹമില്ല. അതിലെ വാചകങ്ങൾ പോലും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വികൃതമാക്കിയിട്ടുണ്ട്.-കത്തിൽ പറയുന്നു. അതേസമയം, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള നമ്മുടെ അറിവിന്റെയും ധാരണയുടെയും അവസ്ഥയെ അടിസ്ഥാനമാക്കിയാണ് സ്കൂൾ തല പാഠപുസ്തകങ്ങൾ പരിഷ്‍കരിച്ചതെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വാദം. അതിനാൽ ഒരുഘട്ടത്തിലു​ം ആർക്കും വ്യക്തിപരമായി പുസ്തകത്തിന്റെ കർതൃത്വം അവകാശപ്പെടാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പേരുകൾ പിൻവലിക്കുന്നത് പ്രായോഗികമ​ല്ലെന്നും എൻ.സി.ഇ.ആർ.ടി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogendra YadavNCERTEducation NewsPalshikar
News Summary - Yogendra Yadav, Palshikar on NCERT naming them in modified textbooks
Next Story