പോളി റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: പോളിടെക്നിക് കോളജുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കോഓപറേറ്റിവ് അക്കാദമി ഫോർ പ്രഫഷനൽ എജുക്കേഷൻ (കേപ്) സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം.
യോഗ്യത:
എസ്.എസ്.എൽ.ടി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ പത്താംതരം/മറ്റ് തുല്യത പരീക്ഷകളിൽ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ച് ഉപരിപഠനത്തിന് അർഹത നേടിയവർക്ക് എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ഐ.എച്ച്.ആർ.ഡി/കേപ് പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് പോളികളിലെ 85 ശതമാനം സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പാസായവർക്ക് യഥാക്രമം 10ഉം രണ്ടും ശതമാനം വീതം സീറ്റ് സംവരണം ഉണ്ട്. വി.എച്ച്.എസ്.ഇ പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക.
ഭിന്നശേഷിയുള്ളവർക്ക് അഞ്ച് ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി, എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗങ്ങൾക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്) 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സിക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം. ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുക.
അപേക്ഷ ഫീസും രജിസ്ട്രേഷനും
പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി www.polyadmission.org വെബ്സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ശേഷം വിവിധ സർക്കാർ/സർക്കാർ എയ്ഡഡ്/ഐ.എച്ച്.എആർ.ഡി/കേപ്/സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും എൻ.സി.സി/സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതുമാണ്.
എൻ.സി.സി/സ്പോർട്സ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേക്കും, സ്പോർട്സ് കൗൺസിലിലേക്കും നൽകണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സർക്കാർ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളജിലേക്കും ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാകും. ജൂൺ 14ന് ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 30 വരെ തുടരും. കൂടുതൽ വിവരങ്ങൾ www.polyadmission.orgൽ.
46 പോളിടെക്നിക്കുകൾ; 27 കോഴ്സുകൾ
സംസ്ഥാനത്താകെ 46 ഗവൺമെന്റ് പോളിടെക്നിക്കുകളാണുള്ളത്. എയ്ഡഡ് മേഖലയിൽ ആറും സ്വകാര്യ സ്വാശ്രയ മേഖലയിൽ 40 പോളിടെക്നിക്കുകളുമാണ് പ്രവർത്തിക്കുന്നത്.
ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ ഏഴും കേപ്പിന് കീഴിൽ നാലും പോളിടെക്നിക്കുകളുണ്ട്. വിവിധ സ്ഥാപനങ്ങളിലായി 27 ത്രിവത്സര ഡിേപ്ലാമ കോഴ്സുകളാണുള്ളത്. ആർക്കിടെക്ചർ, ഓട്ടോമൊബൈൽ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ് ആൻഡ് ബിഗ് ഡാറ്റ, സിവിൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാഡ്വെയർ എൻജിനീയറിങ്, കമ്യൂണിക്കേൻ ആൻഡ് കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, മാനുഫാക്ചറിങ് ടെക്നോളജി, പോളിമർ ടെക്നോളജി, പോളിമർ ടെക്നോളജി, പ്രിന്റിങ് ടെക്നോളജി, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, റിന്യൂവബിൾ എനർജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ടൂൾ ആൻഡ് ഡൈ മെയ്ക്കിങ്, ടെക്സ്റ്റൈൽ ടെക്നോളജി, വുഡ് ആൻഡ് പേപ്പർ ടെക്നോളജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.