ജെ.ഡി.സി പഠിക്കാം; സഹകരണ മേഖലയിൽ ജോലി നേടാം
text_fieldsസംസ്ഥാന സഹകരണ യൂനിയൻ 2025-26 വർഷം നടത്തുന്ന ജെ.ഡി.സി (ജൂനിയർ ഡിേപ്ലാമ ഇൻ കോഓപറേഷൻ) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.scu.kerala.gov.inൽ. മാർച്ച് 31ന് വൈകീട്ട് 5 മണിവരെ ഓൺലൈനിൽ അപേക്ഷകൾ സ്വീകരിക്കും.
സഹകരണ പരിശീലന കേന്ദ്രങ്ങൾ: (ബ്രാക്കറ്റിൽ അധികാര പരിധി)
1. കവടിയാർ (തിരുവനന്തപുരം ജില്ല). 2. അവണൂർ, കൊട്ടാരക്കര (കൊല്ലം ജില്ല). 3. ആറന്മുള (പത്തനംതിട്ട ജില്ലയും മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളും). 4. ചേർത്തല, ആലപ്പുഴ (ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാഞ്ഞിരപ്പള്ളി, കൊച്ചി താലൂക്കുകൾ). 5. നാഗമ്പടം, കോട്ടയം (കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, കോതമംഗലം താലൂക്കുകൾ), 6. പാല, കോട്ടയം (മീനച്ചാൽ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ താലൂക്കുകൾ). 7. നെടുങ്കണ്ടം (ഇടുക്കി ജില്ല). 8. നോർത്ത് പറവൂർ, എറണാകുളം (കണയന്നൂർ, കുന്നത്ത്നാട്, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ താലൂക്കുകൾ), 9. അയ്യന്തോൾ, തൃശൂർ (കൊടുങ്ങല്ലൂർ ഒഴികെയുള്ള തൃശൂരിലെ എല്ലാ താലൂക്കുകളും), 10. പാലക്കാട് (പാലക്കാട് ജില്ല). 11. തിരൂർ, മലപ്പുറം (മഞ്ചേരി, പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ താലൂക്കുകൾ), 12. തളി, കോഴിക്കോട് (കൊയിലാണ്ടി, കോഴിക്കോട്, നിലമ്പൂർ താലൂക്കുകൾ), 13. കരണി, വയനാട് (വയനാട് ജില്ല), 14. സൗത്ത് ബസാർ, കണ്ണൂർ (കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകൾ), 15. മണ്ണയാട്, തലശ്ശേരി (തലശ്ശേരി, വടകര താലൂക്കുകൾ), 16. മുന്നാട്, കാസർകോട് (കാസർകോട് ജില്ല).
പട്ടികജാതി/വർഗ വിഭാഗക്കാർക്ക് മാത്രമായുള്ള ജെ.ഡി.സി ബാച്ചുകൾ കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് സഹകരണ പരിശീലന കേന്ദ്രങ്ങളിൽ നടത്തുന്നുണ്ട്. ഓരോ സെന്ററിലും 80 സീറ്റുകൾ (എസ്.സി-60,എസ്.ടി-20) വീതമുണ്ടാവും. പ്രവേശന യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ ഡി പ്ലസ് ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം.
പ്രായപരിധി: 2025 ജൂൺ ഒന്നിന് 16നും 40നും മധ്യേ. നിയമാനുസരണം ഇളവ് ലഭിക്കും. സഹകരണ സംഘം ജീവനക്കാർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. സ്ഥിരം ജീവനക്കാരായിരിക്കണം. ഒരു വർഷത്തിൽ കുറയാത്ത സേവന പരിചയമുണ്ടാവണം.
അപേക്ഷ ഫീസ്: പൊതുവിഭാഗം വിദ്യാർഥികൾക്ക് 175 രൂപ. സഹകരണ സൊസൈറ്റികളിലെ ജീവനക്കാർക്ക് 350 രൂപ. പട്ടികജാതി/ വർഗ വിദ്യാർഥികൾക്ക് 85 രൂപ. വിവിധ ജില്ലകളിലായുള്ള 16 സഹകരണ പരിശീലന കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. പരിശീലന കേന്ദ്രങ്ങളുടെ മേൽവിലാസവും അധികാര പരിധിയും അടങ്ങിയ പട്ടിക പ്രോസ്പെക്ടസിലുണ്ട്. അതത് പരിശീലന കേന്ദ്രത്തിൽ അധികാര പരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
സെലക്ഷൻ: ഓരോ പരിശീലനകേന്ദ്രത്തിലും ലഭിക്കുന്ന അപേക്ഷയിൻമേൽ യോഗ്യത പരീക്ഷയുടെ വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. ഉയർന്ന യോഗ്യതകളുള്ളവർക്ക് വെയിറ്റേജ് ലഭിക്കും.
സീറ്റ് വിഭജനം: ഓരോ പരിശീലന കേന്ദ്രത്തിലും ആകെ സീറ്റുകളിൽ 50 ശതമാനം ജനറൽ വിഭാഗത്തിനും 35 ശതമാനം സഹകരണ സംഘം ജീവനക്കാർക്കും 15 ശതമാനം സഹകരണ, ഫിഷറീസ്, വ്യവസായം, ക്ഷീരം, കയർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും വിഭജിച്ച് നൽകും (സംവരണ സീറ്റുകൾ എസ്.സി-8 ശതമാനം, എസ്.ടി-2 ശതമാനാം, ഇ.ഡബ്ല്യു.എസ്-10, ഒ.ബി.സി-5 ശതമാനം, ഭിന്നശേഷിക്കാർക്ക് -5 ശതമാനം, ഡി.സി.പി പാസായവർക്ക് 5, സ്പോർട്സ് ക്വോട്ട-ഒരു സീറ്റ്, വിമുക്തഭടന്മാർ/ഭാര്യ/മക്കൾ-5 ശതമാനം). വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
മെറിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ അതത് സെന്ററിൽ ഇന്റർവ്യൂ നടത്തി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് പ്രവേശനം നൽകും. 2025 ജൂൺ രണ്ടു മുതൽ 2026 മാർച്ച് 31 വരയാണ് കോഴ്സിന്റെ കാലയളവ്. 10 മാസക്കാലയളവിൽ ഒരു മാസം പ്രായോഗിക പരിശീലനം.
കോഴ്സ് ഫീസ്: മൊത്തം 20,000 രൂപയിലേറെ ചെലവുവരും. അഡ്മിഷൻ ഫീസ് -3140 രൂപ, ട്യൂഷൻ ഫീസ് -9500 രൂപ, കമ്പ്യൂട്ടർ ഫീസ് -3500 രൂപ, പരീക്ഷ ഫീസ് -2700 രൂപ, ടെക്സ്റ്റ് ബുക്കിന് -1200 രൂപ, പ്രവേശന സമയത്ത് വിവിധയിനങ്ങളിലായി 7840 രൂപ ഫീസ് നൽകണം.
തൊഴിൽ സാധ്യത: പഠിച്ചിറങ്ങുന്നവർക്ക് സഹകരണസംഘം/ബാങ്കുകളിൽ ക്ലർക്ക്/കാഷ്യർ തസ്തികകളിൽ സംസ്ഥാന സഹകരണസംഘം റിക്രൂട്ട്മെന്റ് ബോർഡ് വഴി ജോലി നേടാം. അനുയോജ്യമായ തസ്തികകളിലേക്ക് പി.എസ്.സി മുഖേനയും ജോലിക്ക് ശ്രമിക്കാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.