എൻജി./ഫാർമസി പ്രവേശനം: ആദ്യ അലോട്ട്മെൻറായി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി പ്രവേശന ഒന്നാം കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട അലോട്ട്മെൻറ് ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട. അലോട്ട്മെൻറ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെൻറ് മെമ്മോ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം. മെമ്മോയിൽ കാണിച്ചതും പ്രവേശന പരീക്ഷ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനകം ഒാൺലൈൻ പേയ്മെൻറായോ വെബ്സൈറ്റിൽ കൊടുത്ത ഹെഡ്പോസ്റ്റോഫിസ് മുഖേനയോ ഒടുക്കണം.
എസ്.സി/ എസ്.ടി/ഒ.ഇ.സി വിദ്യാർഥികളും വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം ഫീസ് ആനുകൂല്യത്തിന് അർഹരായവരും ഫീസ് അടക്കേണ്ട. ഇവർക്ക് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ മാനേജ്മെൻറ് ക്വോട്ട സീറ്റിലാണ് അലോട്ട്മെൻറ് എങ്കിൽ ഫീസിളവിന് അർഹരല്ല. നിശ്ചിത സമയം ഫീസടക്കാത്തവരുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഒാപ്ഷനും റദ്ദാകും.
രണ്ടാംഘട്ട അലോട്ട്മെൻറ് നടപടി ഒക്ടോബർ 12ന് ആരംഭിക്കും. രണ്ടാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. സർവകലാശാല അഫിലിയേഷൻ ലഭിക്കാത്തതിനാൽ മാള ഹോളിഗ്രേസ് ഫാർമസി അക്കാദമി, പെരുമ്പാവൂർ കെ.എം.പി കോളജ് ഒാഫ് ഫാർമസി, കൊക്കോതമംഗലം കെ.വി.എം ഫാർമസി കോളജ്, കുന്നപ്പിള്ളി നിർമല കോളജ് ഹെൽത്ത് സയൻസ് കോളജുകളെ ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൈകോടതി ഉത്തരവ് പ്രകാരം ഉൾപ്പെടുത്തിയ പത്ത് സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ പുതിയ കോഴ്സുകളിലേക്ക് നടത്തിയ അലോട്ട്മെൻറ് താൽക്കാലികവും സുപ്രീംകോടതി അന്തിമവിധിക്ക് വിധേയവുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.