ഡിജിറ്റൽ പഠനോപകരണങ്ങളുടെ ലഭ്യത; കണക്കെടുക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം ലഭ്യമാണെന്നും എത്ര കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ഇനിയും ലഭ്യമാക്കണമെന്നും കൃത്യമായി തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി.എകളുടെ നേതൃത്വത്തിലുള്ള സ്കൂള്‍തല സമിതിക്കാണ് ഇതിെൻറ ചുമതല. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും. ആവശ്യമുള്ള ഊരുകളില്‍ പഠന മുറികളൊരുക്കും. കണക്ടിവിറ്റി പ്രശ്നം പരിഹരിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവർഗ വിഭാഗത്തിലെ കുട്ടികള്‍ക്കെല്ലാം ഉപകരണങ്ങള്‍ ലഭ്യമാക്കും. ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നല്കിയാല് ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുണ്ട്. അവര്‍ക്ക് സഹകരണ ബാങ്കുകള്‍ പ്രഖ്യാപിച്ച പലിശരഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ച് നല്കുമ്പോള് മറ്റൊരു കുട്ടിക്കുകൂടി വാങ്ങിക്കൊടുക്കാന്‍ പറ്റുന്നവരെ അതിന് പ്രേരിപ്പിക്കണം.
ഉപകരണങ്ങള്‍ ആവശ്യമായ കുട്ടികളുടെ എണ്ണം പോര്‍ട്ടലില്‍ ലഭ്യമാക്കും. ഈ പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാം. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടും വിനിയോഗിക്കാം. സംഭാവന സ്വീകരിക്കാന്‍ സി.എം.ഡി.ആര്.എഫിെൻറ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എജുക്കേഷനല്‍ എംപവര്‍മെൻറ് ഫണ്ട് രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.