എൽ.പി, യു.പി അസിസ്റ്റൻറ് പരീക്ഷ എഴുതാനാവാതെ 16,500 അപേക്ഷകർ
text_fieldsകോഴിക്കോട്: പി.എസ്.സിയുടെ എൽ.പി, യു.പി സ്കൂൾ അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിച്ച സംസ്ഥാനത്തെ 16,500 ഉദ്യോഗാർഥികൾക്ക് കൺഫർമേഷൻ കൊടുക്കാത്തതുകാരണം അടുത്ത മാസം നടക്കുന്ന പരീക്ഷ എഴുതാൻ കഴിയില്ല.
പരീക്ഷ എഴുതാമെന്ന ഉറപ്പാണ് കൺഫർമേഷൻ. പലരും കോവിഡ് കാരണമാണ് കൺഫർമേഷൻ കൊടുക്കാൻ കഴിയാത്തതെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കൺഫർമേഷൻ നൽകാൻ വീണ്ടും അവസരം നൽകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.
കെ. ടെറ്റ് പാസായവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയൂ എന്നതുകൊണ്ടുതന്നെ മറ്റു വർഷങ്ങളിലെ എൽ.പി, യു.പി പരീക്ഷകളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.പി അസിസ്റ്റൻറ് പരീക്ഷക്ക് 1,40,226 പേരാണ് അപേക്ഷിച്ചതെങ്കിൽ ഇത്തവണ 32,969 അപേക്ഷകരുടെ കുറവുണ്ട്. കഴിഞ്ഞ തവണ എൽ.പി അപേക്ഷകർ 52,770 ആയിരുന്നു. ഇത്തവണ 17,315 പേരുടെ കുറവുണ്ട്.
അപേക്ഷ നൽകിയിട്ടും കൺഫർമേഷൻ നൽകാനുള്ള അവസരം ലഭിക്കാത്ത 300 പേരും പി.എസ്.സിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പി.എസ്.സി അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ യു.പി തസ്തികയിലേക്ക് 23,440 പേർ അപേക്ഷ നൽകിയതിൽ 21,570 പേരാണ് കൺഫർമേഷൻ നൽകിയത്. എൽ. പി. വിഭാഗത്തിൽ 8,946 പേർ അപേക്ഷ നൽകിയതിൽ 7,989 പേർ എഴുതുമെന്ന ഉറപ്പ് നൽകി.
അപേക്ഷകരിൽ രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് യു. പി പരീക്ഷക്ക് 1,076 പേർക്കും എൽ.പി പരീക്ഷക്ക് 507 പേർക്കും കൺഫർമേഷൻ നൽകാൻ കഴിഞ്ഞില്ല. കോവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ നീട്ടിവെക്കുകയും കൺഫർമേഷൻ നൽകാനുള്ള അവസരം വീണ്ടും നൽകണമെന്നുമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.