ജിപ്മെര്‍ മെഡിക്കല്‍ പ്രവേശ പരീക്ഷ: അപേക്ഷകര്‍ ആശങ്കയില്‍
text_fieldsകോഴിക്കോട്: ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്‍െറ (ജിപ്മെര്‍) മെഡിക്കല്‍ പ്രവേശ പരീക്ഷ അപേക്ഷയില്‍ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതില്‍ വന്ന മാറ്റം വിദ്യാര്‍ഥികളെ ആശങ്കയിലാക്കി. ഇതുമൂലം കേരളത്തില്‍തന്നെ സെന്‍റര്‍ കിട്ടാത്ത അവസ്ഥയിലാണ് നിരവധി അപേക്ഷകര്‍. അപേക്ഷ സ്വീകരിക്കുന്നത് മാര്‍ച്ച് ഏഴിന് 11 മണിക്കാണെന്ന് സ്ഥാപനത്തിന്‍െറ സൈറ്റില്‍ നേരത്തേതന്നെ അറിയിപ്പുണ്ടായിരുന്നു. പരീക്ഷാഫീസ്, സെന്‍ററുകള്‍, യോഗ്യത, ഫോട്ടോ അപ്ലോഡ് ചെയ്യേണ്ട പരിധി എന്നിവയെക്കുറിച്ച് മാത്രമാണ് അറിയിപ്പിലുണ്ടായിരുന്നത്.
ജൂണ്‍ അഞ്ചിന് നടക്കുന്ന പരീക്ഷക്ക് കേരളത്തില്‍ അഞ്ച് സെന്‍ററുകളാണ് ഉള്ളത്. നിശ്ചിത എണ്ണം കുട്ടികള്‍ക്കേ ഓരോ സെന്‍ററിലും പരീക്ഷയെഴുതാന്‍ സാധിക്കൂ. എണ്ണം പൂര്‍ത്തിയായാല്‍ അപേക്ഷിക്കാനുള്ള സെന്‍ററുകളുടെ ലിസ്റ്റില്‍നിന്ന് അതത് സെന്‍ററുകള്‍ അപ്രത്യക്ഷമാകും. ആദ്യദിവസത്തിന്‍െറ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അപേക്ഷിച്ചാലേ കേരളത്തില്‍ സെന്‍ററുകള്‍ കിട്ടുകയുള്ളൂ. മാര്‍ച്ച് ഏഴ്, എട്ട് ദിവസങ്ങളിലായി മിക്ക കുട്ടികളും അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍, ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത് പ്ളക്കാര്‍ഡ് ഫോര്‍മാറ്റിലാണെന്ന് സൂചന നല്‍കുന്ന മറ്റൊരു നോട്ടിഫിക്കേഷന്‍ മാര്‍ച്ച് ഒമ്പതിന് വെബ്സൈറ്റില്‍ വന്നു. പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ എഴുതിയ പ്ളക്കാര്‍ഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോയുടെ മാതൃകയും നല്‍കി. തുടര്‍ന്ന്, നേരത്തെ അപേക്ഷിച്ചവര്‍ ബന്ധപ്പെട്ടപ്പോള്‍ പുതിയ അപേക്ഷ അയക്കാനാണ് ആവശ്യപ്പെട്ടത്. അല്ളെങ്കില്‍ അപേക്ഷ നിരസിക്കുമെന്ന് പറയുകയും ചെയ്തുവത്രേ. വീണ്ടും അപേക്ഷിക്കുമ്പോള്‍ ഫീസ് നഷ്ടമാകുമെന്ന് അറിയിക്കുകയും ചെയ്തുവത്രേ.
എന്നാല്‍, ഇതിനകം സെന്‍ററുകള്‍ നിറഞ്ഞതിനാല്‍ പുതിയ അപേക്ഷ നല്‍കിയാല്‍ കേരളത്തില്‍തന്നെ സെന്‍റര്‍ കിട്ടാത്ത അവസ്ഥയായി. മാത്രമല്ല, ഒരു ഇ-മെയില്‍ ഐഡിയില്‍നിന്ന് ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നതിനാല്‍ മറ്റൊരു ഇ-മെയിലില്‍നിന്നുവേണം അപേക്ഷ അയക്കാന്‍.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അപേക്ഷിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.