എം.ജി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും
text_fieldsകോട്ടയം: കോവിഡ് 19 വ്യാപനത്തെതുടർന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കാൻ തീരുമാനിച്ചു. വി.സി പ്രഫ. സാബു തോമസിെൻറ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂൺ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.
ലോക്ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂൺ 8, 9, 10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിൽ നടക്കും.
പ്രൊജക്ട്, വൈവ എന്നിവ ഒരുദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും. ജൂൺ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലക്ക് നൽകണം. കോവിഡ് 19 വ്യാപന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്‌സ്‌റ്റേണൽ എക്‌സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകർക്കാണ് ചുമതല. ജൂൺ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂൺ 8, 9, 10, 11, 12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ഈ വർഷം രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതത് കോളജുകളിൽ നടത്താൻ തീരുമാനിച്ചു. കോളജിലെ മുതിർന്ന അധ്യാപകനെ പരീക്ഷ ചീഫായി നിയോഗിക്കും. ജൂൺ ഒന്നിന് പരീക്ഷ ആരംഭിക്കുന്നതിനാൽ കോളജുകൾ പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകൾ അടിയന്തരമായി ചെയ്യണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സർക്കാറിെൻറയും ആരോഗ്യവകുപ്പിെൻറയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകൾക്ക് നിർദേശം നൽകും.
ലോക്ഡൗണിൽ കുടുങ്ങി കോളജിലെ പരീക്ഷകേന്ദ്രത്തിൽ എത്താൻ കഴിയാത്ത ആറാം സെമസ്റ്റർ സപ്ലിമെൻററി, ബിവോക് വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാൻ മേയ് 27 വൈകീട്ട് നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) എക്‌സാമിനേഷൻ രജിസ്‌ട്രേഷൻ ലിങ്കുവഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് പിന്നീട് അവസരം ലഭിക്കില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.