നാണക്കേടായി ഗുജറാത്ത് മോഡൽ: 10ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോൽവി; വിജയശതമാനം 26.65 മാത്രം
text_fieldsഅഹ്മദാബാദ്: 10ാം ക്ലാസ് പരീക്ഷയിൽ ഒരാൾ പോലും ജയിക്കാത്ത സ്കൂളുകളുടെ എണ്ണത്തിൽ രാജ്യത്തിന് നാണക്കേടായി മാറിയ ഗുജറാത്തിൽ, ഇത്തവണ സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോൽവി. പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാർഥികളിൽ 1.12 ലക്ഷം പേരും പരാജയപ്പെട്ടു. വിജയശതമാനം 26.65 മാത്രം.
ആകെ 1,80,158 വിദ്യാർഥികളായിരുന്നു പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ, 26,764 പേർ പരീക്ഷയെഴുതാൻ എത്തിയില്ല. രജിസ്റ്റർ ചെയ്ത 100,425 ആൺകുട്ടികളിൽ 22,620 പേർ വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാർത്ഥിനികളിൽ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം.
ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷയിൽ ഗുജറാത്തിലെ 157 സ്കൂളുകളിൽ പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തിൽ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ൽ നടന്ന പരീക്ഷയിൽ 121 സ്കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്കൂളുകൾ കൂടി സംപൂജ്യരുടെ പട്ടികയിൽ ഇടംപിടിച്ചു.
ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷ ആകെ 7.34 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്. ഇതിൽ 4.74 ലക്ഷം വിദ്യാർത്ഥികൾ വിജയിച്ചു. 64.62 ആണ് വിജയശതമാനം. 2022ൽ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞവർഷം 71.66 ശതമാനം പെൺകുട്ടികൾ പരീക്ഷ പാസായപ്പോൾ 59.92 ആയിരുന്നു ആൺകുട്ടികളുടെ വിജയ ശതമാനം.
ആദിവാസി ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷമായ ദാഹോദ് ജില്ലയായിരുന്നു വിജയ ശതമാനത്തിൽ ഏറ്റവും പിന്നിൽ. 40.75 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഇവിടെ വിജയിച്ചത്.
272 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 6111 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ1 ഗ്രേഡും 44480 പേർ എ2 ഗ്രേഡും 1,27,652 വിദ്യാർഥികൾ ബി2 ഗ്രേഡോടെയും വിജയിച്ചു. മുൻവർഷങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇത്തവണ വീണ്ടും പരീക്ഷയെഴുതിയ 1,65,690 കുട്ടികളിൽ 27,446 പേർ മാത്രമാണ് വിജയിച്ചത്.
2019ൽ പരീക്ഷയെഴുതിയ 63 സ്കൂളുകളിൽ ഒറ്റക്കുട്ടി പോലും വിജയിച്ചിരുന്നില്ല. 66.97 ശതമാനമായിരുന്നു വിജയശതമാനം. 8,22,823 വിദ്യാർഥികളിൽ 5,51,023 പേർ മാത്രമാണ് വിജയിച്ചത്. 63 സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും പരീക്ഷയിൽ വിജയിച്ചില്ലെന്നും 366 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയെന്നും ബോർഡ് ചെയർമാൻ എ.ജെ. ഷാ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.