സാങ്കേതിക ശാസ്ത്ര സർവകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു; 51.86 ശതമാനം വിജയം
text_fieldsതിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 51.86 ശതമാനം പേർ വിജയിച്ചു. ഇത് മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം കുടുതലാണ്. േകാഴ്സ് കാലാവധിക്ക് മുമ്പ് റെക്കോർഡ് വഗതയിലാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
2015ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയിലെ മൂന്നാം ബി.ടെക് ബാച്ചിന്‍റെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 2017 ആഗസ്റ്റ് 15 നാണ് വിദ്യാർഥിപ്രവേശനം പൂർത്തിയാക്കി ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചത്. തുടർച്ചയായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും ലോക്ക് ഡൗണും ഒക്കെ സൃഷ്ടിച്ച പ്രതിബന്ധങ്ങൾക്കിടയിലും കഴിഞ്ഞ നാലുവർഷക്കാലം അക്കാദമിക് കലണ്ടർ പ്രകാരം കൃത്യതയോടെ പഠനവും പരീക്ഷകളും പൂർത്തിയാക്കിയാണ് ഈ ബാച്ചിന്‍റെ ബിരുദപഠനം അവസാനിക്കുന്നതെന്നും സർവകലാശാല അവകാശപ്പെട്ടു.
പഠനകാലയളവിൽ രണ്ട് പ്രളയങ്ങളുൾപ്പടെ തുടർച്ചയായി വന്ന വെല്ലുവിളികളെ അധ്യാപകരും വിദ്യാർത്ഥികളും കൂട്ടായി നേരിട്ടു. ക്ലാസ്സുകളും പരീക്ഷകളും പലപ്പോഴും തടസ്സപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്തു. അതുകൊണ്ടുതന്നെ, ക്യാമ്പസ് പ്ലേസ്മെന്‍റ് നേടിയവരും ലോകത്തിലെ വിവിധ സർവ്വകലാശാലകളിൽ ഉന്നത പഠനത്തിനായി അവസരം ലഭിച്ചവരും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു. അതിനാൽ അവസാന എട്ടാം സെമസ്റ്റർ പരീക്ഷകൾ കോളേജുകളുടെ എൽ.എം.എസ് (ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം) സംവിധാനം വഴി ഓൺലൈനായി നടത്തുകയും കോളജുകളിൽ തന്നെ മൂല്യനിർണ്ണയം നടത്തുകയും ചെയ്തു. ഇത്തരത്തിൽ ലഭിച്ച കോളജ് തല മാർക്കുകളെ വിദ്യാർത്ഥികളുടെ ആദ്യ ഏഴ് സെമസ്റ്ററുകളിലെ യൂണിവേഴ്സിറ്റി പരീക്ഷാ ഗ്രേഡുകൾക്ക് ആനുപാതികമായി ശാസ്ത്രീയമായി ഏകീകരിച്ചു. ജൂലൈ 20ന് അവസാനിച്ച എട്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം സമ്പൂർണമായി ഏകീകരിച്ച് ജൂലൈ 31 ന് തന്നെ പ്രസിദ്ധീകരിച്ചു.
കോഴ്സ് കാലാവധിയായ നാലുവർഷത്തിനകം തന്നെ മുൻസെമെസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ ഉൾപ്പടെ പൂർത്തിയാക്കിയാണ് ബി.ടെക് ബിരുദത്തിനർഹരായവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ഇതര സാങ്കേതിക സർവകലാശാലകളേക്കാൾ വേഗത്തിൽ സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കാനായത് അഭിമാനകരമാണെന്ന് വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.