മനം കുളിർപ്പിച്ച് ജീവശാസ്ത്രം
text_fieldsമോഡൽ പരീക്ഷയിൽ അൽപ്പം നിരാശരായ കുട്ടികളെ പോലും ചേർത്തുപിടിക്കുന്നതായിരുന്നു എസ്.എസ്.എൽ.സി ജീവശാസ്ത്രം പരീക്ഷ. ‘എളുപ്പമായിരുന്നു പരീക്ഷ’ എന്ന് കുട്ടികൾ ക്ലീൻചിറ്റ് നൽകുന്നുണ്ട്. ഒരു മാർക്കിന്റെ ആദ്യ ആറു ചോദ്യങ്ങളും ശരാശരിക്കാർക്ക് പോലും ലളിതമായി അനുഭവപ്പെടും. വിവിധ ശ്വേതരക്താണുക്കളും ധർമവും ചേരുന്ന മൂന്നാമത്തെ ചോദ്യം ഒരാവർത്തി കൂടി ശ്രദ്ധിക്കേണ്ടി വന്നേക്കാം.
രണ്ടു മാർക്കിന്റെ ചോദ്യങ്ങൾ കൂൾ ഓഫ് സമയത്ത് തന്നെ കുട്ടികളിൽ ആത്മവിശ്വാസം ജനിപ്പിക്കാൻ പര്യാപ്തമായവയായിരുന്നു. ക്ലാസ് മുറികളിൽ നിരന്തരം പരിചയപ്പെടുന്ന പ്രധാന ആശയങ്ങൾ തന്നെയാണ് ഈ വിഭാഗത്തിലെ ചോദ്യങ്ങളായി വന്നത്. എങ്കിലും യുറേ മില്ലർ പരീക്ഷണത്തിന്റെ ചിത്രത്തോടൊപ്പം ചോദിച്ച ‘ബി’ പാർട്ടിലെ ചോദ്യത്തിന് രാസപരിണാമ സിദ്ധാന്തത്തിലെ എല്ലാ ആശയങ്ങളും എഴുതണമോ എന്ന സംശയം കുട്ടികളിൽ ഉണ്ടായേക്കാം.
അഞ്ച് ഉത്തരങ്ങൾ എഴുതേണ്ട മൂന്നു മാർക്കിന്റെ ചോദ്യങ്ങൾ ഭിന്ന നിലവാരക്കാരെ പൂർണമായും പരിഗണിച്ച് തയാറാക്കിയവയായിരുന്നു. കുട്ടികളുടെ ഗ്രേഡ് നിർണയത്തിന് അടിസ്ഥാനമായി വർത്തിക്കാൻ ഈ ചോദ്യങ്ങൾക്ക് കഴിയും. ഡി.എൻ.എ -ആർ.എൻ.എ താരതമ്യം, മണം തിരിച്ചറിയുന്നതിന്റെ ഘട്ടങ്ങൾ എന്നിവ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പോലും ഗ്രേഡ് ഉയർത്താൻ സഹായകമാകും.
നാലു മാർക്കിന്റെ രണ്ടു ഉത്തരങ്ങൾ എഴുതേണ്ട അവസാന ഭാഗത്തെ ചോദ്യങ്ങളിൽ ചിത്രം വരയ്ക്കാനുള്ള ന്യൂറോണിന്റെ ചോദ്യം എല്ലാവരെയും ആഹ്ലാദിപ്പിക്കും.
അതോടൊപ്പം രക്തത്തിലെ കാത്സ്യത്തിന്റെ അളവ് നിലനിർത്തുന്നതുമയി ബന്ധപ്പെട്ട ചോദ്യവും വിവിധ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്താനുള്ള ചോദ്യവും നാലു മാർക്ക് പൂർണയും കിട്ടാൻ തക്ക വണ്ണം പര്യാപ്തമായിരുന്നു. ചുരുക്കത്തിൽ അന്തരീക്ഷത്തിലെ കൂടിയ ചൂടിലും കുട്ടികളെ തണുപ്പിക്കാൻ സഹായകമായിരുന്നു എസ്.എസ്.എൽ.സി ജീവശാസ്ത്രം പരീക്ഷ.
(രേഖ പി.ജി- ഗവ ഗേൾസ് എച്ച്.എസ്.എസ് കന്യാകുളങ്ങര, തിരുവനന്തപുരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.