സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങൾക്ക് മാത്രമായി ചുരുക്കിയേക്കും. 'ഇന്ത്യൻ എക്സ്പ്രസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
ആകെ 174 വിഷയങ്ങളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനുള്ളത്. ഇതിൽ 20 വിഷയങ്ങളെയാണ് പ്രധാന വിഷയങ്ങളായി കണക്കാക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ജോഗ്രഫി, എക്കണോമിക്സ്, ഇംഗ്ലീഷ് മുതലായവ ഇക്കൂട്ടത്തിൽ ഉൾപ്പെടും. പരമാവധി ആറ് വിഷയമാണ് ഒരു വിദ്യാർത്ഥിയ്ക്ക് പഠിക്കാൻ ഉണ്ടാവുക. സാധാരണ ഗതിയിൽ ഇതിൽ നാലെണ്ണവും പ്രധാന വിഷയമായിരിക്കും.
രാജ്യത്തെ ഗുരുതരമായ കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്താൻ രണ്ട് ഓപ്ഷനുകളാണ് സി.ബി.എസ്.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുമ്പിൽ വച്ചതെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
പ്രധാന വിഷയങ്ങൾക്ക് മാത്രമായി സാധാരണഗതിയിൽ നടത്തുന്ന രീതിയിൽ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ നടത്തുക എന്നതാണ് ആദ്യത്തെ ഓപ്ഷൻ. മറ്റ് വിഷയങ്ങൾക്ക് ഇതിൻറെ അടിസ്ഥാനത്തിൽ മാർക്ക് നൽകാം. പരീക്ഷാ നടത്തിപ്പിനും മൂല്യനിർണ്ണയത്തിനും എല്ലാംകൂടി മൂന്നുമാസത്തെ സമയം ഇതിനു വേണ്ടി വരും.
പ്രധാന വിഷയങ്ങൾക്കുള്ള പരീക്ഷ വിദ്യാർഥികൾക്ക് അവരവരുടെ സ്കൂളുകളിൽ തന്നെ നടത്തുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. നിലവിലെ മൂന്നുമണിക്കൂർ പരീക്ഷയ്ക്ക് പകരം ഒന്നര മണിക്കൂർ വീതമുള്ള പരീക്ഷയാണ് നടത്തുക. ഒബ്ജക്റ്റീവ് ടൈപ്പ്, ചെറുകുറിപ്പുകൾ എഴുതാനുള്ള ചോദ്യങ്ങൾ എന്നിവയായിരിക്കും ചോദിക്കുക. മൂന്ന് പ്രധാന വിഷയത്തിനും ഒരു ഭാഷ വിഷയത്തിലും ആയിരിക്കും പരീക്ഷ നടത്തുക. ഇതിൻറെ അടിസ്ഥാനത്തിൽ മറ്റുവിഷയങ്ങളുടെ മാർക്ക് തീരുമാനിക്കും. 45 ദിവസത്തിനുള്ളിൽ ഈ രീതിയിൽ പരീക്ഷ പൂർത്തിയാക്കാം എന്നാണ് കണക്കുകൂട്ടൽ.
രണ്ടു നിർദ്ദേശങ്ങളും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, മന്ത്രി സ്മൃതി ഇറാനി, സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും കഴിഞ്ഞ ഏപ്രിൽ 14നാണ് പ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.