പ്ലസ് ടു ഉത്തരസൂചികയിൽ ഉടക്ക്; കെമിസ്ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയത്തിൽ ഉടക്കി അധ്യാപകരും വിദ്യാഭ്യാസ വകുപ്പും തുറന്ന ഏറ്റുമുട്ടലിൽ. ഉത്തര സൂചിക പരിശോധിക്കുന്ന സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽനിന്ന് തയാറാക്കിയ സൂചിക തള്ളി മൂല്യനിർണയം നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച തുടങ്ങിയ മൂല്യനിർണയ ക്യാമ്പ് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, പാലക്കാട് ഉൾപ്പെടെ ജില്ലകളിൽ കെമിസ്ട്രി അധ്യാപകർ കൂട്ടത്തോടെ ബഹിഷ്കരിച്ചു.
വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് ലഭിക്കാവുന്ന രീതിയിൽ ഉത്തര സൂചിക ക്രമീകരിച്ചെന്ന് കാണിച്ച് 12 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. അധ്യാപകരുടെ ബഹിഷ്കരണ സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അടിയന്തരയോഗവും ചേർന്നു.
പ്ലസ് ടു കെമിസ്ട്രി പരീക്ഷ ചോദ്യപേപ്പറിൽ തെറ്റായ ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽ നിന്ന് കടുപ്പമേറിയ ചോദ്യങ്ങളും വന്നുവെന്ന് നേരേത്തതന്നെ പരാതി ഉയർന്നിരുന്നു. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ സമർപ്പിച്ച ഉത്തര സൂചിക എറണാകുളത്ത് നടന്ന സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ പരിശോധിക്കുകയും പിഴവ് കൂടി പരിഗണിച്ചുള്ള ക്രമീകരണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇൗ ക്യാമ്പിൽ പെങ്കടുത്ത 12 അധ്യാപകർ വിദ്യാർഥികൾക്ക് 18 മാർക്ക് വരെ അനർഹമായി ലഭിക്കുന്ന രീതിയിൽ സൂചിക പുനഃക്രമീകരിച്ചെന്ന് ചൂണ്ടിക്കാട്ടി സൂചിക പരീക്ഷ സെക്രട്ടറി തള്ളി.
പകരം ചോദ്യകർത്താവ് അയച്ചുനൽകിയ ഉത്തര സൂചിക തന്നെ വ്യാഴാഴ്ച തുടങ്ങിയ ക്യാമ്പുകളിലേക്ക് അയച്ചു. സ്കീം ഫൈനലൈസേഷനിൽ പുനഃക്രമീകരിച്ച സൂചികക്ക് പകരം മറ്റൊരു സൂചിക മൂല്യനിർണയത്തിന് നൽകിയതിനെ അധ്യാപകർ ചോദ്യം ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മൂല്യനിർണയം ബഹിഷ്കരിച്ച കെമിസ്ട്രി അധ്യാപകർ വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ നിന്ന് പരീക്ഷ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി. പിന്നാലെയാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേർന്നത്. കെമിസ്ട്രിയിലെ ഒരു ചോദ്യത്തിന് ചോയ്സ് ആയി നൽകിയ മുഴുവൻ ഉത്തരങ്ങളും തെറ്റായിരുന്നു. ചോദ്യകർത്താവ് നൽകിയ സൂചികയിൽ ചോയ്സ് ആയി നൽകാത്ത ഉത്തരമാണ് രേഖപ്പെടുത്തിയതെന്നും അധ്യാപകർ പറയുന്നു.
ഇത് ഉൾപ്പെടെയുള്ള ചോദ്യങ്ങളുടെ മൂല്യനിർണയത്തിനാണ് സ്കീം ഫൈനൈലസേഷനിൽ പുനഃക്രമീകരണം വരുത്തിയതെന്നും അധ്യാപകർ പറയുന്നു. എന്നാൽ ബോർഡിന് വേണ്ടി ചെയർമാൻ അംഗീകരിച്ചതും പോർട്ടലിൽ പ്രസിദ്ധീകരിച്ചതുമായ ഉത്തരസൂചിക പ്രകാരമാണ് മൂല്യനിർണയം നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. പരീക്ഷഫലം സമയബന്ധിതമായി പ്രഖ്യാപിക്കാൻ അധ്യാപകർ മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കണം. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും ആവശ്യമായ തുടർനടപടികൾക്ക് തീരുമാനിച്ചതായും ഡയറക്ടർ അറിയിച്ചു. അേതസമയം, സ്കീം ഫൈനലൈസേഷനിൽ തയാറാക്കിയ സൂചിക അട്ടിമറിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആര്. അരുണ്കുമാറും ജനറല് സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു.
അധ്യാപകർ തയാറാക്കി നൽകിയ ഉത്തരസൂചിക ക്യാമ്പുകളിൽ നൽകാതിരുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് ഒ. ഷൗക്കത്തലിയും ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീലും ആവശ്യപ്പെട്ടു. അേതസമയം, ക്യാമ്പുകൾ തടസ്സപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അധ്യാപകർ മൂല്യനിർണയത്തിൽ പെങ്കടുത്ത് ബാധ്യത നിർവഹിക്കണമെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.