സിവിൽ സർവിസ് പ്രാഥമിക പരീക്ഷ നാലിന്; മാർഗ നിർദേശങ്ങളായി
text_fieldsതിരുവനന്തപുരം: യു.പി.എസ്.സി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന സിവിൽ സർവിസ് (പ്രാഥമിക) പരീക്ഷ ഒക്‌ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ 30000ത്തോളം അപേക്ഷകരാണുള്ളത്.
കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിനായി വിശദമായ മാർഗരേഖ യു.പി.എസ്.സി പുറപ്പെടുവിച്ചു. വിദ്യാർഥികൾക്കും പരീക്ഷ നടത്തിപ്പിനായുള്ള ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷ കേന്ദ്രത്തിലേക്ക് തടസ്സമില്ലാതെ യാത്രചെയ്യാം.
കണ്ടെയ്ൻമെൻറ് സോണിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്രചെയ്യാം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ ഇതിനായി സർവിസ് നടത്തും. പരീക്ഷക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പരീക്ഷ ഹാളിലേക്ക് സാമൂഹിക അകലം പാലിച്ച് പ്രവേശനം നൽകും.
ഏതെങ്കിലും പരീക്ഷാർഥിക്ക് പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ഇൻവിജിലേറ്ററെ അറിയിക്കണം.
ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് പ്രവേശനകവാടം അടയ്ക്കും. അതിനുശേഷം വരുന്ന പരീക്ഷാർഥികൾക്ക് പ്രവേശനം അനുവദിക്കില്ല.
എല്ലാ പരീക്ഷാർഥികളും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇൻവിജിലേറ്റർ ആവശ്യപ്പെടുമ്പോൾ മാത്രമേ മുഖാവരണം മാറ്റേണ്ടതുള്ളൂ. 50 മീ. ചെറിയ ബോട്ടിൽ സാനിറ്റൈസർ പരീക്ഷാർഥികൾക്ക് കൈയിൽ കരുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.