ഡിജിറ്റൽ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനായില്ല; പി.ജി പരീക്ഷ ഒന്നര മണിക്കൂർ വൈകി
text_fieldsതൃശൂര്‍: ചോദ്യപേപ്പര്‍ ഡിജിറ്റലായി നല്കി പരീക്ഷ നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം പാളി. ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഭൂരിഭാഗം കോളജുകള്‍ക്കും കഴിയാതെ വന്നതോടെ സമയത്തിന് പരീക്ഷ തുടങ്ങാനായില്ല. സാങ്കേതിക തടസ്സം പരിഹരിച്ച് ഒന്നരമണിക്കൂറിന് ശേഷമാണ് പരീക്ഷ തുടങ്ങിയത്. ബിരുദാനന്തര ബിരുദം മൂന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം വിദ്യാർഥികളാണ് സര്‍വകലാശാലയുടെ ഡിജിറ്റലൈസേഷൻ പരീക്ഷണത്തില്‍ കുഴങ്ങിയത്.
റഗുലര്‍- വിദൂര വിഭാഗത്തിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് വ്യത്യസ്ത സെൻററുകളിലായി പരീക്ഷ എഴുതിയത്. കോളജുകള്‍ക്കായുള്ള സർവകലാശാലയുടെ പൊതുപോര്‍ട്ടലില്‍ ചോദ്യക്കടലാസ് അപ് ലോഡ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പ്രിന്‍സിപ്പലിനും ഓഫിസ് അഡ്മിനും പ്രത്യേകം ലോഗിന്‍ വിലാസവും പാസ് വേര്‍ഡുമുണ്ട്. എല്ലാ കോളജുകളിലും രണ്ട് ഐ.ഡിയും നിശ്ചിത സമയത്തിന് മുേമ്പ തന്നെ തുറന്നുവെക്കുകയും ചെയ്തു.
ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിൻറ് എടുത്തുകൊടുക്കുകയാണ് വേണ്ടത്. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചക്കുശേഷം രണ്ട് മുതല്‍ അഞ്ച് വരെയായിരുന്നു പരീക്ഷ. സമയമായിട്ടും ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതെ വന്നതോടെ അധികൃതര്‍ അങ്കലാപ്പിലായി.
ചുരുക്കം ചില കോളജുകള്‍ ചോദ്യപേപ്പര്‍ യഥാസമയം ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ തുടങ്ങി. രാവിലെ ട്രയല്‍ റണ്‍ നടത്തുമെന്ന് സർവകലാശാല അറിയിച്ചെങ്കിലും നടന്നില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ഐ.ഡി വഴി മാത്രമാണ് ചോദ്യക്കടലാസ് ലഭിക്കുകയുള്ളൂവെന്ന് വ്യാഴാഴ്ച നടന്ന യോഗത്തില്‍ അറിയിച്ചിരുന്നുവെന്നും ട്രയല്‍ റണ്‍ അന്നുതന്നെ നടത്തിയെന്നുമാണ് സർവകലാശാല പരീക്ഷ വിഭാഗം അധികൃതര്‍ പറയുന്നത്. എന്നാല്‍ രണ്ട് ഐ.ഡിയും തുറന്നുവെച്ചിട്ടും ചോദ്യ പേപ്പര്‍ ലഭിച്ചില്ലെന്നാണ് പല കോളജ് അധികൃതരും പറയുന്നത്.
സർവകലാശാല പരീക്ഷ ഡിജിറ്റലാക്കുന്നതിെൻറ ഭാഗമായാണ് ചോദ്യപേപ്പര്‍ ഡിജിറ്റലായി കോളജുകള്‍ക്ക് നല്കാന് തീരുമാനിച്ചത്. കുട്ടികള്‍ കുറവുള്ള പരീക്ഷകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ രീതി നടപ്പിലാക്കുന്നത്. നേരത്തെ ബി.എഡ് പരീക്ഷകള്‍ ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പി.ജി പരീക്ഷ നിർത്തിവെക്കണം –സി.കെ.സി.ടി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പുതുതായി നടപ്പാക്കിയ പരീക്ഷസമ്പ്രദായം പരിപൂർണമായി തകരുകയും പരീക്ഷയുടെ സുതാര്യത തകരുകയും ചെയ്ത സാഹചര്യത്തിൽ പഴയ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതുവരെ ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ നിർത്തിവെക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) ആവശ്യപ്പെട്ടു. ഫാൾസ് നമ്പർ സമ്പ്രദായം എടുത്തുമാറ്റി പരീക്ഷയുടെ സുതാര്യത തകർത്ത നടപടിയുടെ തുടർച്ചയെന്നോണമാണ് കോളജുകളിലേക്ക് ഇ-മെയിൽ വഴി ചോദ്യക്കടലാസ് അയക്കാം എന്ന് നിഷ്കർഷിച്ചത്.
എന്നാൽ, പല കോളജുകളിലും ചോദ്യപേപ്പർ ലഭ്യമായത് മണിക്കൂറുകൾക്കുശേഷമാണ്. പരസ്പരം ചോദ്യപേപ്പറുകൾ കൈമാറുന്ന സാഹചര്യമുണ്ടായി. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യപേപ്പർ പ്രിൻറ് എടുക്കുകയും മറ്റും ചെയ്തത് ഓഫിസിലുള്ള ജീവനക്കാരാണ്. ചിലയിടത്ത് ചോദ്യപേപ്പർ സംഘടിപ്പിച്ചത് പുറത്തുള്ള അക്ഷയകേന്ദ്രങ്ങളിൽനിന്നും മറ്റു സേവാകേന്ദ്രങ്ങളിൽനിന്നുമാണ്. പരീക്ഷ നൂറുശതമാനവും അലങ്കോലമാക്കി ആരെയോ സഹായിക്കാനാണ് വൈസ് ചാൻസലറും സിൻഡിക്കേറ്റും ശ്രമിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുകയും ചെയ്യണം.
ബാക്കിയുള്ള പരീക്ഷകൾ പഴയ സമ്പ്രദായത്തിൽ തന്നെ നടത്തണമെന്നും സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.എം. സലാഹുദ്ദീൻ, ജന. സെക്രട്ടറി പ്രഫ. അബ്ദുൽ ജലീൽ ഒതായി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.