എയിംസ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതാനാകാതെ കോവിഡ് പോരാളികൾ
text_fieldsന്യൂഡൽഹി: കോവിഡിനോട് നേരിട്ട് പൊരുതുന്ന ജൂനിയർ ഡോക്ടർമാർക്കും നഴ്സുമാർക്കും ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ അവസരം നഷ്ടമാകും. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും രോഗലക്ഷണങ്ങളില്ലെന്നും സത്യവാങ്മൂലം എഴുതി നൽകിയാൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമപരമായി നേരിടുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ രാജ്യത്തെ 70 ശതമാനം പേർക്കും അവസരം നഷ്ടമാകും.
എയിംസ് ബിരുദാനന്തര ബിരുദ നഴ്സിങ്, എം.ഡി, എം.എസ്, സ്പെഷ്യാലിറ്റി ഡി.എം, എം.സി.എച്ച് കോഴ്സുകളിൽ എല്ലാവർഷവും പ്രവേശന പരീക്ഷ നടത്തിവരുന്നുണ്ട്. നിരവധി ജൂനിയർ ഡോക്ടർമാരും ഇപ്പോൾ ജോലി ചെയ്യുന്നവരും രാജ്യത്തെ 150ഓളം സെൻററുകളിൽ പരീക്ഷ എഴുതിവരുന്നു. എന്നാൽ കോവിഡ് 19 ൻെറ പശ്ചാത്തലത്തിൽ രോഗലക്ഷണമില്ലെന്നും കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും സത്യവാങ്മൂലം നൽകിയാൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയുവെന്ന് എയിംസ് പറയുന്നു. ഇക്കാര്യം ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ പരീക്ഷ എഴുതാകൂ. ഇതോടെ കോവിഡ് രോഗത്തിനെതിരെ മുൻനിരയിൽനിന്ന് പോരാടുന്ന നിരവധി പേർക്ക് ഈ വർഷം അവസരം നഷ്ടമാകും.
അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. കൂടാതെ എയിംസ് പ്രവേശന പരീക്ഷ സെൻററുകൾ മിക്കവർക്കും അയൽ ജില്ലകളിലും അന്തർ സംസ്ഥാനങ്ങളിലുമായിരിക്കും അനുവദിക്കുക. ഇൗ സാഹചര്യത്തിൽ പരീക്ഷ സെൻററുകളിൽ എത്തിപ്പെടാൻ കഴിയുക പ്രയാസമാണെന്നും ജൂനിയർ ഡോക്ടർമാർ പറയുന്നു. നേപ്പാളിൽനിന്ന് 200ഓളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിർത്തികൾ അടച്ചതിനാൽ ഇവർക്കും പരീക്ഷ എഴുതാൻ കഴിയാതെയാകും. കണ്ടെയ്ൻമെൻറ് സോണുകളിലും ക്വാറൻറീനിൽ കഴിയുന്നവർക്കും അവസരം നഷ്ടപ്പെടും.
അതേസമയം കോവിഡ് കാലം കഴിയുന്നതുവരെ പരീക്ഷ മാറ്റിവെക്കൽ പ്രയോഗികമല്ലെന്നും ചിലപ്പോൾ ഒരു പാഠ്യവർഷം തന്നെ നഷ്ടപ്പെട്ടേക്കാമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.