സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് ഡിസംബർ 26 മുതൽ 28വരെ
text_fieldsശാസ്ത്രവിഷയങ്ങളിൽ ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) ഗവേഷണപഠനത്തിനും ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും ലെക്ചർഷിപ്/അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള ദേശീയ അർഹതാനിർണയ പരീക്ഷയായ ‘ജോയന്റ് സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ്’ ഡിസംബർ 26, 27, 28 തീയതികളിൽ നടത്തും.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാച്ചുമതല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://csirnet.nta.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജെ.ആർ.എഫ് യോഗ്യത നേടുന്നവർക്ക് ഗവേഷണ പഠനത്തിന് ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 37,000 രൂപയും തുടർന്ന് 42,000 രൂപയും ലഭിക്കും.
കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ് ഫെറിക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഘടനയും സിലബസും സമയക്രമവുമെല്ലാം ‘സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ് ഡിസംബർ 2023’ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. വിവരങ്ങൾ www.csirhrda.res.inലും ലഭ്യമാണ്. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി/ഇന്റഗ്രേറ്റഡ് BS-MS/നാലുവർഷത്തെ ബി.എസ്/ബി.ഇ/ബി.ടെക്/ബി.ഫാം/എം.ബി.ബി.എസ് 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
ഒ.ബി.സി-നോൺ ക്രീമിലെയർ/എസ്.സി/എസ്.ടി/തേഡ് ജൻഡർ/ഭിന്നശേഷിക്കാർ (പി.ഡബ്ല്യൂ.ഡി) വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. എം.എസ്.സിക്ക് എൻറോൾ ചെയ്തിട്ടുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. നെറ്റ് ഫലപ്രഖ്യാപന തീയതി മുതൽ രണ്ടു വർഷത്തിനകം യോഗ്യതാപരീക്ഷ പൂർത്തിയാക്കിയാൽ മതി.
ജെ.ആർ.എഫിന് പ്രായപരിധി 28. എസ്.സി/എസ്.ടി/തേഡ് ജൻഡർ/പി.ഡബ്ല്യൂ.ഡി/വനിതകൾ വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ലെക്ചർഷിപ്/അസിസ്റ്റന്റ് പ്രഫസർ യോഗ്യത നേടുന്നതിന് പ്രായപരിധിയില്ല.
അപേക്ഷാഫീസ്-ജനറൽ വിഭാഗത്തിന് 1100 രൂപ, ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി-എൻ.സി.എൽ 550 രൂപ, എസ്.സി/എസ്.ടി/തേഡ് ജൻഡർ 275 രൂപ. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യൂ.ഡി) ഫീസില്ല. ഓൺലൈനായി നവംബർ 30 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.