പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്കുള്ള ഒരുക്കം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി ഒരുക്കം വിലയിരുത്തി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിന്‍റ് ഡയറക്ടർ എസ്.എസ്. വിവേകാനന്ദൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി.
പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ 2, 3, 4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ആർ.ഡി.ഡിമാരുടേയും എ.ഡിമാരുടേയും നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ച് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്കൂൾ പ്രിൻസിപ്പൽമാർ അധ്യാപകരുടെ യോഗം വിളിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും. ആർ.ഡി.ഡിമാർ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറകടർക്ക് റിപ്പോർട്ട് നൽകണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി ശിവൻകുട്ടി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.