എൻജിനീയറിങ്, ഐസർ പ്രവേശന പരീക്ഷ ഒരേ ദിവസം; വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയും ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്) പ്രവേശന പരീക്ഷയും ഒരേ ദിവസം. ജൂൺ ഒമ്പതിനാണ് രണ്ടു പരീക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. രണ്ടു പ്രവേശന പരീക്ഷകൾക്കും അപേക്ഷിച്ചവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.
എൻജിനീയറിങ്ങിന് കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ നടത്താനാണ് തീരുമാനം. ഇതിൽ ഒമ്പതിന് രാവിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയും ഉച്ചക്കു ശേഷം ഫാർമസി പ്രവേശന പരീക്ഷയും നടത്തുന്നുണ്ട്.
ശാസ്ത്ര പഠനത്തിനായി തിരുവനന്തപുരത്ത് ഉൾപ്പെടെ പ്രവർത്തിക്കുന്ന പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഐസർ. ഐസർ പ്രവേശന പരീക്ഷക്കൊപ്പം എൻജിനീയറിങ് പ്രവേശന പരീക്ഷ വരുന്നത് തിരിച്ചടിയാകും. നേരത്തേ ജൂൺ ഒന്നു മുതൽ ഒമ്പതു വരെ എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താനായിരുന്നു തീരുമാനം.
എന്നാൽ, 240ഓളം പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ചതോടെ ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ അഞ്ചു ദിവസം നീളുന്ന ഷെഡ്യൂളാണ് തയാറാക്കിയത്. ഒന്നോ രണ്ടോ ദിവസം മുമ്പ് എൻജി.പ്രവേശന പരീക്ഷ നടത്തിയാൽ പ്രതിസന്ധി പരിഹരിക്കാമെന്നാണ് പ്രതീക്ഷ. എൻജി. പ്രവേശന പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.