എൻജിനീയറിങ് എൻട്രൻസ്; പ്രതിദിനം 18,500 പേർക്ക് പരീക്ഷ
text_fieldsതിരുവനന്തപുരം: ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ നടക്കുന്ന സംസ്ഥാന എൻജിനീയറിങ് എൻട്രൻസിൽ ഒരു ദിവസം പരമാവധി 18,500 പേർക്ക് പരീക്ഷ. 130 സ്ഥാപനങ്ങളിൽ 197 പരീക്ഷാവേദികളാണ് ഒരുക്കുന്നത്. ഒരു പരീക്ഷാവേദിയിൽ 50 മുതൽ 126 വരെ കുട്ടികൾക്ക് വരെ പരീക്ഷക്ക് ഹാജരാകാനുള്ള കമ്പ്യൂട്ടർ സൗകര്യങ്ങളാണ് ഒരുക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കമ്പ്യൂട്ടറുകളും ഉണ്ടായിരിക്കും.
എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, ജെ.ഇ.ഇ ഉൾപ്പെടെ പരീക്ഷകൾ നടക്കുന്ന സ്വകാര്യ പരീക്ഷ കേന്ദ്രങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം പ്രവേശന പരീക്ഷാ കമീഷണറേറ്റിൽ ആരംഭിച്ചു. ജില്ല തലങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കുന്നുണ്ട്.
ജില്ലകളിലെ മേൽനോട്ടം നോഡൽ ഓഫിസർക്കായിരിക്കും. 130 സ്ഥാപനങ്ങളിലും കോഓഡിനേറ്റർമാരും നിരീക്ഷകനും ഉണ്ടായിരിക്കും. പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ചീഫ് സൂപ്രണ്ടിനായിരിക്കും പരീക്ഷ കേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല. പ്രവേശന പരീക്ഷാ കമീഷണറേറ്റ് എത്തിച്ച പുതിയ സെർവറുകൾ ഉപയോഗിച്ച് ശനിയാഴ്ച ട്രയൽ പരീക്ഷയും പൂർത്തിയാക്കി.
169 വേദികളിലായി നാലായിരത്തോളം വിദ്യാർഥികളാണ് ട്രയൽ പരീക്ഷക്ക് എത്തിയത്. കുട്ടികളില്ലാതെ ഒരു ട്രയൽ കൂടി സി-ഡിറ്റിന്റെ നേതൃത്വത്തിൽ നടത്തും. ദുബൈ കേന്ദ്രത്തിൽ ജൂൺ ആറിനായിരിക്കും പരീക്ഷ തുടങ്ങുക. മുംബൈ, ഡൽഹി ഉൾപ്പെടെ കേന്ദ്രങ്ങളിലെല്ലാം പരീക്ഷ ജൂൺ അഞ്ചിനുതന്നെ തുടങ്ങും. രാവിലെ 10 മുതൽ ഒന്നു വരെയാണ് പരീക്ഷ.
രാവിലെ ഏഴര മുതൽ പരീക്ഷ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഒമ്പതരക്കു ശേഷം പ്രവേശനം അനുവദിക്കില്ല. ബി.ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂൺ ആറിന് ഉച്ചക്കു ശേഷം 3.30മുതൽ അഞ്ചു വരെ നടക്കും. ഈ വിദ്യാർഥികൾ ഉച്ചക്ക് ഒന്നിന് റിപ്പോർട്ട് ചെയ്യണം. അഡ്മിറ്റ് കാർഡുകൾ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. പരീക്ഷ കേന്ദ്രത്തിൽ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ഫോട്ടോയും എടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.