എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് വിശ്വനാഥ് വിനോദിന്
text_fieldsതൃശൂർ: സംസ്ഥാനത്തെ എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു തൃശ്ശൂരിൽ വാർത്തസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും കരസ്ഥമാക്കി.
തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ആൻ മേരിക്കാണ് നാലാം സ്ഥാനം. ആദ്യ പത്ത് റാങ്കുകളിൽ രണ്ട് പെൺകുട്ടികൾ മാത്രമാണുള്ളത്. നാലാം റാങ്ക് നേടിയ ആൻ മേരിയെ കൂടാതെ, ആറാം റാങ്കുകാരിയായ പത്തനംതിട്ട സ്വദേശി റിയ മേരി വർഗീസാണ് ആദ്യ പത്തിനുള്ളിലുള്ള പെൺകുട്ടികൾ.
എസ്.സി വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി കെ.പി. ലക്ഷ്മീഷിനാണ് ഒന്നാം റാങ്ക്. കേഴിക്കോട് കടമേരി സ്വദേശി ടി. അദിത് രണ്ടാം റാങ്ക് നേടി. എസ്.ടി വിഭാഗത്തിൽ കാസർകോട് സ്വദേശി തേജസ് ജെ കർമൽ ഒന്നാം റാങ്കും കോട്ടയം ഗാന്ധി നഗർ സ്വദേശി ജെഫ്രി സാം മേമൻ രണ്ടാം റാങ്കും നേടി.
ആകെ 50,858 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,834 പേർ പെൺകുട്ടികളും 26,024 പേർ ആൺ കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കിൽ സംസ്ഥാന സിലബസ്സിൽ നിന്ന് 2,215 പേരും കേന്ദ്ര സിലബസ്സിൽ നിന്ന് 2,568 പേരും യോഗ്യത നേടി.
HSE-കേരള 2,215 , AISSCE (CBSE)- 2,568 ,ISCE(CISCE )- 178 , മറ്റുള്ളവ 39 എന്നിങ്ങനെയാണ് ആദ്യ അയ്യായിരം റാങ്കുകൾ. ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്.
ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്‍കോർ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 346 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.