എൻജി. റാങ്ക് പട്ടിക: പ്ലസ് ടു മാർക്ക് ഒഴിവാക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: പ്രവേശന പരീക്ഷയിലെ മാർക്കുമാത്രം പരിഗണിച്ച് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കണമെന്ന് ശിപാർശ. പ്ലസ് ടു, തത്തുല്യ പരീക്ഷകളിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാർക്കുകൂടി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന രീതി ഇത്തവണ ഒഴിവാക്കാൻ പ്രവേശന പരീക്ഷ കമീഷണറാണ് സർക്കാറിന് ശിപാർശ സമർപ്പിച്ചത്.
ശിപാർശ പരിശോധിക്കുകയാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ഉൾപ്പെടെ ബോർഡുകൾക്ക് 12ാം ക്ലാസ് പരീക്ഷ നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽകൂടിയാണ് പ്രവേശന പരീക്ഷ കമീഷണറുടെ ശിപാർശ.
ഇതിന് പിന്നാലെ കഴിഞ്ഞദിവസം സി.ബി.എസ്.ഇയുടെ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്രത്യേക മാനദണ്ഡം തയാറാക്കി സ്കോർ നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവേശന പരീക്ഷയിലും പ്ലസ് ടു/ തത്തുല്യ പരീക്ഷകളിൽ മൂന്ന് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചുള്ള സ്റ്റാേൻറഡൈസേഷൻ പ്രക്രിയയിലൂടെയാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നത്.
ഇതിനുപകരം പൂർണമായും പ്രവേശന പരീക്ഷയിലെ സ്കോർ പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കാനാണ് ശിപാർശ. സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂലൈ 24നാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.