എൻജിനീയറിങ്: മുൻനിര റാങ്കിൽ ഇത്തവണയും കേരള സിലബസുകാർ പിന്നിൽ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവരിൽ ഇത്തവണയും സംസ്ഥാന സിലബസിൽ പഠിച്ചവർ പിറകിൽ. ആദ്യ 5000 റാങ്ക് നേടിയവരിൽ 2034 പേരാണ് സംസ്ഥാന സിലബസിലുള്ളവർ. സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 2785 പേർ ആദ്യ 5000ത്തിൽ ഉൾപ്പെട്ടു. 162 പേരാണ് ഐ.സി.എസ്.ഇ സിലബസിൽനിന്നുള്ളവർ. പരീക്ഷയെഴുതിയവരിൽ 60 ശതമാനത്തിലധികം പേരും സംസ്ഥാന സിലബസിൽനിന്നുള്ളവരായിരിക്കെയാണിത്.
സംസ്ഥാന സിലബസിൽ പഠിച്ച 36,390 പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 14,541 പേരും ഐ.സി.എസ്.ഇയിൽ പഠിച്ച 1079 പേരും മറ്റ് സിലബസുകളിൽ പഠിച്ച 490 പേരും റാങ്ക് പട്ടികയിൽ ഇടംപിടിച്ചു.
സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ നീറ്റ്, ജെ.ഇ.ഇ ഉൾപ്പെടെ മത്സര പരീക്ഷകളിൽ പിന്നിലാകുന്നെന്ന കണക്കുകൾ വിദ്യാഭ്യാസ വകുപ്പുതന്നെ ശരിവെക്കുകയും എസ്.എസ്.എൽ.സി ഉൾപ്പെടെ പരീക്ഷകളിൽ മിനിമം മാർക്ക് സമ്പ്രദായം തിരികെ കൊണ്ടുവരാൻ ശ്രമം നടത്തിവരുകയുമാണ്. സംസ്ഥാന സർക്കാർ നടത്തുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിലും മുന്നിര റാങ്ക് നേട്ടത്തിൽ സംസ്ഥാന സിലബസിലുള്ള കുട്ടികൾ പിന്നിലാകുന്നത് സമീപകാലം മുതലാണ്.
2017ൽ ആദ്യ 5000 റാങ്കിൽ 2535 പേർ സംസ്ഥാന സിലബസിലുള്ളവരും 2280 പേർ സി.ബി.എസ്.ഇ വിദ്യാർഥികളുമായിരുന്നു. 2018ൽ ഇത് 2394 , 2377 എന്ന നിലയിലായിരുന്നു. 2019 മുതലാണ് സംസ്ഥാന സിലബസിലുള്ളവരെക്കാൾ മുൻനിര റാങ്കിൽ സി.ബി.എസ്.ഇ വിദ്യാർഥികൾ പട്ടികയിൽ ഉൾപ്പെട്ടുതുടങ്ങിയത്.
2019ൽ 2341 പേർ സംസ്ഥാന സിലബസിലുള്ളരും 2464 പേർ സി.ബി.എസ്.ഇയിലുമുള്ളവരായിരുന്നു. പിന്നീടുള്ള വർഷങ്ങളിലെല്ലാം സംസ്ഥാന സിലബസിലുള്ളവരുടെ എണ്ണം ആദ്യ 5000 പേരുടെ റാങ്ക് പട്ടികയിൽ കുറഞ്ഞുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.