സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്; സമയം കുറച്ച് പരീക്ഷ നടത്തുന്നതിനോട് അനുകൂലിച്ച് കേന്ദ്രം, തീയതി ജൂൺ ഒന്നോടെ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ, സമയം കുറച്ച് നടത്താമെന്ന നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്ര സർക്കാർ. പരീക്ഷാ തീയതി ജൂൺ ഒന്നോടെ പ്രഖ്യാപിക്കുമെന്നും 'എൻ.ഡി.ടി.വി' റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം ഇന്ന് ചേർന്നിരുന്നു. രണ്ടുതരത്തിൽ പരീക്ഷ നടത്താം എന്ന നിർദ്ദേശമാണ് സി.ബി.എസ്.ഇ അധികൃതർ മുന്നോട്ടുവച്ചത്. ഇതിൽ, കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷ നടത്താമെന്ന നിർദ്ദേശത്തോടാണ് കേന്ദ്രം അനുകൂലമായി പ്രതികരിച്ചത്.
ഇതുപ്രകാരം 19 പ്രധാന വിഷയങ്ങൾക്ക് 90 മിനിട്ട് വീതമുള്ള പരീക്ഷയാണ് നടത്തുക. ഓരോ വിദ്യാർത്ഥിയും മൂന്ന് ഇലക്ടീവ് വിഷയത്തിനും ഒരു ഭാഷ വിഷയത്തിനും പരീക്ഷ എഴുതേണ്ടി വരും. ഇവയുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് വിഷയങ്ങൾക്ക് കൂടി മാർക്ക് നിശ്ചയിക്കും -എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും കഴിഞ്ഞ ഏപ്രിൽ 14നാണ് പ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.