ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) ജൂലൈ ആറിന്
text_fieldsഇന്ത്യക്ക് പുറത്തുനിന്ന് മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നേടിയ ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നേടുന്നതിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനിൽ (എഫ്.എം.ജി.ഇ സ്ക്രീനിങ് ടെസ്റ്റ്) പങ്കെടുക്കുന്നതിന് ഓൺലൈനായി മേയ് 20 വരെ അപേക്ഷിക്കാം.
ന്യൂഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് 2024 ജൂലൈ ആറിനാണ് ദേശീയതലത്തിൽ പരീക്ഷ നടത്തുക. വിജ്ഞാപനവും വിവരണക്കുറിപ്പും www.natboard.edu.inൽ ലഭിക്കും. വർഷത്തിൽ രണ്ടുതവണയാണ് ടെസ്റ്റ് നടത്തുക. അവസാന ടെസ്റ്റ് ജനുവരി 20ന് നടത്തിയിരുന്നു. ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കില്ല.
പരീക്ഷാഫീസ് നികുതിയടക്കം 6195 രൂപയാണ്. അപേക്ഷകർ ഇന്ത്യൻ പൗരന്മാർ അല്ലെങ്കിൽ പ്രവാസി ഇന്ത്യക്കാരായിരിക്കണം. വിദേശത്തുനിന്ന് 2024 ഏപ്രിൽ 30നകം മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ‘നീറ്റ്-യു.ജി’ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പരീക്ഷാഘടനയും സിലബസുമെല്ലാം വിവരണക്കുറിപ്പിലുണ്ട്. കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം ഇന്ത്യയാകെ 55 നഗരങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക.
ആകെ 300 മാർക്കിനാണ് ‘എഫ്.എം.ജി.ഇ’ പരീക്ഷ. 150 മാർക്കിൽ കുറയാതെ നേടുന്നവർക്കാണ് വിജയം. ആഗസ്റ്റ് ആറിന് ഫലപ്രഖ്യാപനമുണ്ടാവും. സ്കോർകാർഡ് യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽനിന്ന് യഥാസമയം ഡൗൺലോഡ് ചെയ്ത് എടുക്കാം. ‘എഫ്.എം.ജി.ഇ’ പാസ് സർട്ടിഫിക്കറ്റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.