നാലുവർഷ ബിരുദം; ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് എട്ട് സർവകലാശാലകളിലും 864 അഫിലിയേറ്റഡ് കോളജുകളിലും ആരംഭിച്ച നാലുവർഷ ബിരുദ പരിപാടിയിലെ (എഫ്.വൈ.യു.ജി.പി) ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20ന് നടത്താൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ എട്ടുവരെയാണ് പരീക്ഷ. ഫലം മുൻനിശ്ചയിച്ച പ്രകാരം ഡിസംബർ 22ന് പ്രസിദ്ധീകരിക്കും. നേരത്തേ നവംബർ അഞ്ചുമുതൽ 25 വരെയാണ് നിശ്ചയിച്ചതെങ്കിലും വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തിലും പ്രവേശനപ്രക്രിയ വൈകിയതും കണക്കിലെടുത്താണ് പരീക്ഷ തീയതി നീട്ടിയത്.
എഫ്.വൈ.യു.ജി.പി പുരോഗതി വിലയിരുത്താൻ തിങ്കളാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിൻ സർവകലാശാലയിൽ വി.സിമാർ, രജിസ്ട്രാർമാർ, പരീക്ഷ കൺട്രോളർ, സിൻഡിക്കേറ്റ് അംഗങ്ങൾ, കോഓഡിനേറ്റർമാർ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു. ക്ലാസ് റൂം വിനിമയത്തിലെ മാറ്റങ്ങൾ, പരീക്ഷ മൂല്യനിർണയം എന്നിവയെക്കുറിച്ച് സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം അടുത്ത ഫെബ്രുവരി 28നകം പൂർത്തിയാക്കും. സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ്, കോമേഴ്സ് എന്നീ നാലു വിഭാഗങ്ങളായി ക്ലസ്റ്റർ തിരിച്ചാണ് പരിശീലനം.
അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കോൺക്ലേവ് ‘ഉദ്യമ 1.0’ വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. കോൺക്ലേവ് ഡിസംബർ ഏഴിന് തിരുവനന്തപുരം സെനറ്റ് ഹാളിൽ ഉദ്ഘാടനം നടക്കും. ഡിസംബർ 19നും 20നും കുസാറ്റിൽ ‘ഉദ്യമ 2.0’ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.