'ഗേറ്റ്-2022' ഫെബ്രുവരിയിൽ
text_fieldsഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2022) ഫെബ്രുവരി അഞ്ച്, ആറ്, 12, 13 തീയതികളിൽ ദേശീയതലത്തിൽ നടത്തും. ഐ.ഐ.ടി ഖരഗ്പുരാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കോമേഴ്സ്/ആർട്സ് വിഷയങ്ങളിൽ ഗവൺമെൻറ് സ്കോളർഷിപ്/അസിസ്റ്റൻറ്ഷിപ്പോടെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനത്തിനുള്ള യോഗ്യത നിർണയ പരീക്ഷയാണിത്. ചില കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും മറ്റും റിക്രൂട്ട്മെൻറിനായി 'ഗേറ്റ് സ്കോർ' ഉപയോഗിക്കാറുണ്ട്. ഗേറ്റ്് സ്കോറിന് മൂന്നു വർഷത്തെ പ്രാബല്യമുണ്ട്.
'ഗേറ്റ്-2022'ൽ ഇനി പറയുന്ന 29 സബ്ജക്ട് പേപ്പറുകളാണുള്ളത്- എയറോസ്പേസ് എൻജിനീയറിങ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ബയോ ടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയോൺമെൻറൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, ജിയോമാറ്റിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, സ്റ്റാറ്റിസ്റ്റിക്സ്, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്.
ഒരാൾക്ക് പരമാവധി രണ്ട് സബ്ജക്ട് പേപ്പറുകളിൽ പരീക്ഷയെഴുതാം. ഒറ്റ അപേക്ഷ മതി. ജിയോമാറ്റിക്സ് എൻജിനീയറിങ്ങും നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്ങും പുതിയ പേപ്പറുകളാണ്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ജനറൽ ആപ്റ്റിറ്റ്യൂഡും ഉണ്ട്. മൾട്ടിപ്ൾ ചോയ്സ്, മൾട്ടിപ്ൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുണ്ടാവും. ആകെ 65 ചോദ്യങ്ങളാണുണ്ടാവുക.
കേരളത്തിൽ ആലപ്പുഴ, ആലുവ/എറണാകുളം, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, പയ്യന്നൂർ, വടകര, മലപ്പുറം, കാസർകോട് പരീക്ഷ കേന്ദ്രങ്ങളാണ്.
അപേക്ഷ ഫീസ് ഓരോ സബ്ജക്ട് പേപ്പറിനും 1500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്കും 750 രൂപ മതി. അക്കാദമിക് മികവോടെ എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കോമേഴ്സ്/ആർട്സ് അംഗീകൃത ബിരുദധാരികൾക്കും മൂന്നാംവർഷ/നാലാംവർഷ ബിരുദ വിദ്യാർഥികൾക്കും 'ഗേറ്റ് 2022'ന് അപേക്ഷിക്കാം. വിശദവിവരങ്ങൾ https://gate.iitkgp.ac.inൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 24 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.