ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്ന് പൂർത്തിയാകും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ഉയർന്ന ആശങ്കകൾ മറികടന്ന് രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ തിങ്കളാഴ്ച പൂർത്തിയാകും. 4,46,471 ലക്ഷം വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷയും 28,565 പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതുന്നു.
എസ്.എസ്.എൽ.സി പരീക്ഷ 29നാണ് അവസാനിക്കുന്നത്. ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലാണ് തിങ്കളാഴ്ച ഹയർ സെക്കൻഡറി പരീക്ഷ. വി.എച്ച്.എസ്.ഇയിൽ വൊക്കേഷനൽ തിയറിയാണ് പരീക്ഷ. 28 മുതൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാനാണ് തീരുമാനം.
പ്രാക്ടിക്കൽ പരീക്ഷകൾ കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവെക്കണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അയച്ച നോട്ടീസിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തിങ്കളാഴ്ച മറുപടി നൽകും. ഇതിന് ശേഷമായിരിക്കും പരാതിയിൽ കമീഷൻ തീരുമാനമെടുക്കുക.
പ്രാക്ടിക്കൽപരീക്ഷ നടത്തിപ്പ് സംബന്ധിച്ച് പ്രത്യേക മാർഗനിർദേശം വിദ്യാഭ്യാസവകുപ്പ് തിങ്കളാഴ്ച പുറപ്പെടുവിക്കും. മേയ് 15നകം പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാകും. ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മേയ് 10ന് തുടങ്ങും.
ഇരട്ട മൂല്യനിർണയം നടത്തുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയം മേയ് 17നായിരിക്കും ആരംഭിക്കുക. കോവിഡ് സാഹചര്യത്തിൽ മൂല്യനിർണയ ക്യാമ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും അധ്യാപകർ ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.