പ്രതിഷേധങ്ങൾക്കിടെ ഹയർ സെക്കൻഡറി മൂല്യനിർണയം ബുധനാഴ്ച തുടങ്ങും
text_fieldsതിരുവനന്തപുരം: ബുധനാഴ്ച ആരംഭിക്കുന്ന ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളുടെ സമയം ദീർഘിപ്പിച്ച തീരുമാനം അധ്യാപകരുടെ പ്രതിഷേധത്തെതുടർന്ന് പിൻവലിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തനസമയം നിശ്ചയിച്ചിരുന്നത്. പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ ഇത് 9.30 മുതൽ 4.30 വരെയായി ക്രമപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. എന്നാൽ, കൂടുതൽ പേപ്പർ മൂല്യനിർണയം നടത്താൻ താൽപര്യമുള്ളവർ രാവിലെ എട്ടുമുതൽ ക്യാമ്പിലെത്തണമെന്നും സർക്കുലറിൽ പറയുന്നു.
ക്യാമ്പിെൻറ പ്രവർത്തനസമയം ദീർഘിപ്പിച്ചതിലും ദിവസം മൂല്യനിർണയം നടത്താവുന്ന പേപ്പറുകളുടെ എണ്ണത്തിലെ നിയന്ത്രണം എടുത്തുകളഞ്ഞതിനുമെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സമയക്രമം പുതുക്കിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി പേപ്പറുകളാണ് എട്ട് ദിവസം നീളുന്ന ആദ്യഘട്ടം മൂല്യനിർണയം നടത്തുക. 33 ശതമാനം അധ്യാപകർ ക്യാമ്പിലുണ്ടാകുന്ന രീതിയിലാണ് ക്രമീകരണം. 92 മൂല്യനിർണയ ക്യാമ്പുകളാണ് പ്രവർത്തിക്കുക.
ഇതിൽ നാല് ക്യാമ്പുകളെ ആദ്യഘട്ടത്തിൽനിന്ന് ഒഴിവാക്കി. വയനാട്ടിലെ ഹോട്സ്പോട്ടിലുള്ള രണ്ട് ക്യാമ്പുകളും അഗതികളെ താമസിപ്പിച്ച തിരുവനന്തപുരം എസ്.എം.വി, കോഴിക്കോട് പരപ്പിൽ സ്കൂളുകൾ എന്നിവയാണ് ഒഴിവാക്കിയത്. ലോക്ഡൗൺ പിൻവലിക്കുന്നതിനും പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിനും മുമ്പ് മൂല്യനിർണയ ക്യാമ്പ് തുടങ്ങുന്നതിനെതിരെ പ്രതിപക്ഷ ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. സാധ്യമാകുന്ന അധ്യാപകർ ക്യാമ്പിൽ ഹാജരാകെട്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസവകുപ്പ്.
ഹാജരാകാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കില്ല. ആദ്യദിവസത്തെ ഹാജർ നോക്കിയാകും ക്യാമ്പുകളുടെ തുടർപ്രവർത്തനം ക്രമീകരിക്കുകയെന്ന് ഹയർസെക്കൻഡറി പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ അറിയിച്ചു. ഒരു മുറിയിൽ അഞ്ച് അധ്യാപകർ വീതമുള്ള രണ്ട് ബാച്ചുകളാണ് മൂല്യനിർണയത്തിനുണ്ടാകുക. ബുധനാഴ്ച രാവിലത്തെ സെഷൻ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയും ക്രമീകരണങ്ങളുമായിരിക്കും. ഉച്ചക്കുശേഷമാകും മൂല്യനിർണയം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.